സംസ്ഥാനത്തെ പണമിടപാട് പരാതികളില്‍ ഇനി പോലീസ് ഇടപെടില്ല; പതിനൊന്നിന നിര്‍ദ്ദേശങ്ങളുമായി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്തെ പണമിടപാട് പരാതികളില്‍ ഇനി പോലീസ് ഇടപെടില്ല; പതിനൊന്നിന നിര്‍ദ്ദേശങ്ങളുമായി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: അറസ്റ്റും കസ്റ്റഡിയും സംബന്ധിച്ച് ഡി.ജി.പി. നല്‍കിയ പതിനൊന്നിന നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഐ.പി.സി. 420 പ്രകാരം വഞ്ചനാക്കുറ്റങ്ങളുടെ പരിധിയില്‍വരുന്ന പരാതികളൊഴികെ മറ്റൊരു പരാതിയും സ്വീകരിക്കേണ്ടെന്നാണ് നിര്‍ദേശം. പണമിടപാട് സംബന്ധിച്ച പരാതികള്‍ ഇനി പോലീസ് സ്റ്റേഷനുകളില്‍ സ്വീകരിക്കേണ്ടെന്നതില്ലെന്നും ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു.

മുമ്പേ ഈ നിര്‍ദേശമുണ്ടെങ്കിലും പല പണമിടപാട് കേസുകളിലും പോലീസ് ഇടപെടുകയും മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്നുമുണ്ട്. ഇനിമുതല്‍ സിവില്‍ സ്വഭാവമുള്ള പണമിടപാടു കേസുകളില്‍ ഇടപെട്ടാല്‍ ആ ഉദ്യോഗസ്ഥനെതിരേ ക്രിമിനല്‍ കേസെടുക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടില്‍ ഉള്‍പ്പെട്ട ചെക്ക് കേസുകള്‍ പോലുള്ളവ സ്റ്റേഷനുകളില്‍ തീര്‍പ്പാക്കാന്‍ പാടില്ല.

പോലീസ് മേധാവിയുടെ നിര്‍ദേശത്തിനുപുറമേ, അതത് ജില്ലാ പോലീസ് മേധാവിമാരും ഉത്തരവിറക്കുന്നുണ്ട്. അറസ്റ്റുമുതലുള്ള എല്ലാ പോലീസ് നടപടികളും വീഡിയോ റെക്കോഡ് ചെയ്യണമെന്നാണ് കോട്ടയം എസ്.പി.യുടെ നിര്‍ദേശം. വാഹനത്തില്‍ കൊണ്ടുപോകുന്നതടക്കം റെക്കോഡ് ചെയ്യണം. അറസ്റ്റ്, കസ്റ്റഡി, ചോദ്യംചെയ്യല്‍ എന്നിവയില്‍ ഉദ്യോഗസ്ഥര്‍ക്ക് ശില്പശാലയും ചില എസ്.പി.മാര്‍ നിര്‍ദേശിച്ചു.

പോലീസ് മേധാവിയുടെ നിര്‍ദേശങ്ങള്‍:

* കസ്റ്റഡിയിലെടുത്താല്‍ 24 മണിക്കൂറിനുള്ളില്‍ നിര്‍ബന്ധമായും കോടതിയില്‍ ഹാജരാക്കണം.

* ഒരാളെ ലോക്കപ്പില്‍ സൂക്ഷിച്ചാല്‍ പാറാവുകാരനെ സഹായിക്കാന്‍ മറ്റുദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം.

* അന്യായമായി ആരും ലോക്കപ്പിലില്ലെന്ന് രാത്രി പട്രോളിങ് ചുമതലയുള്ള ഓഫീസര്‍മാര്‍ പരിശോധിച്ച് മേലുദ്യോഗസ്ഥനെ അറിയിക്കണം.

* അനാവശ്യമായി ലോക്കപ്പിലിടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കും.

* അനാവശ്യമായി കസ്റ്റഡിയില്‍വയ്ക്കുന്നുണ്ടോയെന്ന് ജില്ലാ പോലീസ് മേധാവികളെ അറിയിക്കേണ്ടത് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി.മാരാണ്. ഇവര്‍ വീഴ്ചവരുത്തിയാലും ക്രിമിനല്‍ നടപടി നേരിടണം.

* മദ്യപിച്ചതിന് ഒരാളെയും സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് കസ്റ്റഡിയില്‍വയ്ക്കരുത്. ഇവരെ നേരെ ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധന നടത്തണം. മദ്യപിച്ച് വാഹനമോടിച്ച കേസുകളിലും ലോക്കപ്പ് പാടില്ല.

* മദ്യപിച്ച് ബഹളംവയ്ക്കുന്ന ഒരാളെ നാട്ടുകാര്‍ പിടികൂടി ഏല്‍പ്പിച്ചാല്‍ അവരുടെ കൂട്ടത്തില്‍നിന്നൊരാളെ ഒപ്പം കൂട്ടി പോലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകണം.

* ദമ്പതിമാര്‍ തമ്മിലുള്ള കലഹങ്ങളില്‍ ആരെയെങ്കിലും കസ്റ്റഡിലെടുക്കുകയാണെങ്കില്‍ മുഴുവന്‍ സംഭവങ്ങളും വീഡിയോയില്‍ ചിത്രീകരിക്കണം.

* സ്റ്റേഷന്‍ ജാമ്യം നല്‍കാന്‍ കഴിയുന്ന കേസുകളില്‍ ആരെയും ലോക്കപ്പിലിടരുത്.

0Shares