
തിരുവനന്തപുരം: സാമ്പത്തിക മുരടിപ്പ് മറികടക്കാന്‍ അപര്യാപ്തമായ ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. കേരളത്തിന് സമ്പൂർണ നിരാശയാണ് ബജറ്റ് നല്‍കുന്നത്. സംസ്ഥാനങ്ങളെ ഞെരുക്കുന്ന ബജറ്റാണെന്നും ഇത് വിലക്കയറ്റത്തിലേക്ക് നയിക്കുമെന്നും ഐസക് പറഞ്ഞു. പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത് ജനദ്രോഹമാണ്. ചെലവില്‍ വര്‍ധന കുറവാണ്. വിദേശ മൂലധനത്തെ ആകര്‍ഷിക്കാനാണ് ശ്രമം.

ഓഹരി വിറ്റഴിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. റെയില്‍വേയുടെ സ്വകാര്യവത്കരണത്തിനും ശ്രമം നടത്തുകയാണ്. മോദി സര്‍ക്കാര്‍ വന്നതിന് ശേഷം നികുതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എണ്ണയിലെ എക്സൈസ് നികുതി വര്‍ധന സംസ്ഥാനത്തിന് ലഭിക്കില്ല. സംസ്ഥാന വിഹിതത്തിലെ വര്‍ധന തുച്ഛമാണ്. തൊഴിലുറപ്പ് പദ്ധതിക്ക് വകയിരുത്തിയ വിഹിതം കുറവാണ്.
കേരളത്തിലെ പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വായ്പയെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രം മിണ്ടുന്നില്ല. കേരളത്തിലെ സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല. റബ്ബറിനെ കുറിച്ച് പരാമര്‍ശമേയില്ലെന്നും ഐസക് പറഞ്ഞു. വായ്പാ പരിധി ഉയര്‍ത്താത്തത് കേരളത്തിന്‍റെ സാമ്പത്തിക നിലയെ ബാധിക്കും. വായ്പാ പരിധി അടക്കമുള്ള പ്രശ്നങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ധനമന്ത്രിക്ക് കത്തെഴുതുമെന്നും തോമസ് ഐസക് പറഞ്ഞു.
