തിരുവനന്തപുരം: പകര്‍ച്ചപ്പനി ബാധിച്ച് സംസ്ഥാനത്ത് ഒമ്പതുപേര്‍കൂടി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ നേമത്ത് എട്ടുവയസ്സുകാരനും സൈനികനും ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ആലപ്പുഴ മുഹമ്മ, പാലക്കാട് തിരുവേഗപ്പുറ എന്നിവിടങ്ങളിലും ഓരോ ഡെങ്കിപ്പനി മരണമുണ്ടായി. എറണാകുളം മഞ്ഞപ്പാറ, കോഴിക്കോട് മടപ്പള്ളി എന്നിവിടങ്ങളില്‍ രണ്ടുപേരുടെ മരണം എച്ച് 1 എന്‍ 1 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു.

കൊല്ലം നെടുമ്പനയില്‍ സ്ത്രീ മരിച്ചതും എച്ച് 1 എന്‍ 1 മൂലമാണെന്ന് സംശയിക്കുന്നു. കൊല്ലം പാലത്തറ, കോട്ടയം നാട്ടകം എന്നിവിടങ്ങളിലെ രണ്ടുപേരുടെ മരണം പകര്‍ച്ചപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ചമാത്രം 138 പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സതേടിയത്. തിരുവനന്തപുരം ജില്ലയില്‍മാത്രം 70 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലും ഡെങ്കിപ്പനി പടരുകയാണ്. ശനിയാഴ്ചമാത്രം സംസ്ഥാനത്ത് 18,873 പേര്‍ പകര്‍ച്ചപ്പനിക്ക് ചികിത്സതേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. തിരുവനന്തപുരം ജില്ലയില്‍ ഒമ്പതുപേര്‍ എലിപ്പനിക്കും എറണാകുളത്ത് നാലുപേര്‍ മലേറിയയ്ക്കും ചികിത്സതേടി.