സംവിധായകനില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്; മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനു വേണ്ടി മത്സരിക്കാന്‍ കമല്‍?

  • Post category:news
  • Reading time:1 min read
You are currently viewing സംവിധായകനില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്; മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനു വേണ്ടി മത്സരിക്കാന്‍ കമല്‍?


തിരുവനന്തപുരം: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദിന്റെ നിര്യാണത്തോടെ ഒഴിവുവന്ന മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം. ല്‍ നാലോളം പേരുകള്‍ പരിഗണനയില്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാനും പ്രശസ്ത സംവിധായകനുമായ കമല്‍, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിയാസ്, കഴിഞ്ഞ തവണ മങ്കട നിയമസഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന ടി.കെ. റഷീദ് അലി, പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ അഖിലേന്ത്യാ മുന്‍ വൈസ് പ്രസിഡന്റുമായ അഡ്വ.സി.എച്ച്. ആഷിഖ്  എന്നിവരടക്കമുള്ള പേരുകളാണ് വെള്ളിയാഴ്ച ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്. ഇന്ന് ചേരുന്ന സി.പി.ഐ.എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റിയോഗങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടക്കും.

ജില്ലാ തലത്തിലെ അഭിപ്രായവും പുതിയ നിര്‍ദേശവും പരിഗണിച്ചാകും അന്തിമ തീരുമാനമെടുക്കുക. സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ച മാത്രമാണ് സെക്രട്ടേറിയറ്റില്‍ നടന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്നനിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതും വര്‍ഗീയ വാദികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതും മൂലം പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കമലിന് കഴിഞ്ഞിട്ടുണ്ട്. അഖിലേന്ത്യാ തലത്തില്‍ ഡി.വൈ.എഫ്.ഐയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതും ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതും പരിഗണിച്ചാല്‍ മുഹമ്മദ് റിയാസിന് സാധ്യതയേറും. ആഷിഖ് 1996ല്‍ മഞ്ചേരിയില്‍നിന്ന് മത്സരിച്ചിരുന്നു. റഷീദ് മങ്കട നിയമസഭ മണ്ഡലത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതേസമയം, ആരുമത്സരിച്ചാലും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ധാരണയായിട്ടില്ല. രണ്ടാം ഘട്ടത്തില്‍ മാത്രമാണ് അക്കാര്യത്തില്‍ ധാരണയിലെത്തുക.

0Shares