
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ഡല്‍ഹിയില്‍ വീണ്ടും ശക്തിപ്രാപിക്കുന്നു. കഴിഞ്ഞദിവസം പോലീസ് കലാപഭൂമിയാക്കിയ തെരുവിൽ അവർ വീണ്ടും ഒത്തുകൂടി. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തെരുവില്‍ ഇറങ്ങിയത്. സീലംപൂരില്‍ ബസിന് തീയിട്ട പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലേറ് നടത്തി. സ്വകാര്യ ബസ് ഉള്‍പ്പെടെ രണ്ട് ബസുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. സീലാംപൂരിലും ഗോകുല്‍പുരിലും മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു. ജഫ്രാബാദ്, ബാബര്‍പൂര്‍ മെട്രോ സ്‌റ്റേഷനുകളുടെ ഗേറ്റുകളും പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചതായി ഡിഎംആര്‍സി അറിയിച്ചു.

സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പൊലീസ് ലാത്തി ചാര്‍ജ് നടത്തിയതായും റിപ്പോര്‍ട്ട് ഉണ്ട്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡ്രോണ്‍ സംവിധാനമുപയോഗിച്ച് പൊലീസ് സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്.
