
യൂണിവേഴ്സിറ്റി ക്യാംപസിലേക്ക് കെ.എസ്.യു, എ.ബി.വി.പി പ്രവര്‍ത്തകരുടെ മാര്‍ച്ച്. സംഭവത്തില്‍ വൈസ് ചെയര്‍മാന് പരാതി നല്‍കാന്‍ എത്തിയതായിരുന്നു കെ.എസ്.യു പ്രവര്‍ത്തകര്‍. ഇവരെ പോലീസ് തടഞ്ഞതോടെ മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ ഗേയ്റ്റില്‍ കുത്തിയിരുന്നു. എ.ബി.വി.പി, എം.എസ്.എഫ് പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. കേസില്‍ പ്രതികളായ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാതെ പോലീസ് സംരക്ഷിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു.
പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. അതേസമയം യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷത്തിനിടെ കുത്തേറ്റ അഖിലിനെ മുമ്പും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടുണ്ടെന്ന് പിതാവ് ചന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നു. കഴിഞ്ഞവര്‍ഷമാണ് അഖിലിനെ ആക്രമിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. ജില്ലാ സെക്രട്ടറി ഇടപെട്ടാണ് കഴിഞ്ഞവര്‍ഷത്തെ കേസ് ഒത്തുതീര്‍പ്പാക്കിയതെന്നും പിതാവ് പറഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഇന്നുരാവിലെ അഖിലിന് കുത്തേറ്റത്. മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ അഖില്‍ എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനാണ്. എസ്.എഫ്.ഐ യൂണിറ്റി അംഗങ്ങള്‍ തന്നെയാണ് അഖിലിനെ ആക്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ പൊലീസിനോടു പറഞ്ഞത്. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥിയെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.
നസീമടക്കം അഞ്ചുപേര്‍ സ്ഥലത്തുണ്ടായിരുന്നു. പോലീസുകാരെ റോഡിലിട്ട് മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് നസീം.
കഴിഞ്ഞ മൂന്നുവര്‍ഷമായി എസ്.എഫ്.ഐയ്ക്കുവേണ്ടി യൂണിവേഴ്‌സിറ്റി കോളജില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥിയാണ് അഖില്‍. കോളജിലെ മരച്ചുവട്ടില്‍ ഇരുന്ന് പാടിയെന്നു പറഞ്ഞ് യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയും പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികളും തമ്മില്‍ ഇന്നലെ ചെറിയ തര്‍ക്കമുണ്ടായിരുന്നു. ഇത് ചെറിയ സംഘര്‍ഷത്തിനും വഴിവെച്ചിരുന്നു.
ഇതിന്‍റെ തുടര്‍ച്ചയെന്നോണം ഇന്ന് രാവിലെ അഖിലിന്‍റെ സുഹൃത്തിന് ചെറിയ തോതിലുള്ള മര്‍ദ്ദനം ഏല്‍ക്കേണ്ടിയും വന്നിരുന്നു. യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ തന്നെയാണ് മര്‍ദ്ദിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. അതിനെച്ചൊല്ലിയുള്ള തര്‍ക്കം വീണ്ടും സംഘര്‍ഷത്തിനു വഴിവെക്കുകയും അതിനിടയില്‍ അഖിലിന് കുത്തേല്‍ക്കുകയുമായിരുന്നു.
