സംഘപരിവാറിന്‍റെ അക്രമികളെ യു.പിയും ഗുജറാത്തും സംരക്ഷിക്കും; എന്നാല്‍ കേരളം സംരക്ഷിക്കില്ല: പ്രധാനമന്ത്രി മോഡിക്ക് മറുപടിയുമായി പിണറായി

  • Post category:news
  • Reading time:2 mins read
You are currently viewing സംഘപരിവാറിന്‍റെ അക്രമികളെ യു.പിയും ഗുജറാത്തും സംരക്ഷിക്കും; എന്നാല്‍ കേരളം സംരക്ഷിക്കില്ല:  പ്രധാനമന്ത്രി മോഡിക്ക് മറുപടിയുമായി പിണറായി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആരോപണങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലുള്ള ബി.ജെ.പിക്കാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് പ്രധാനമന്ത്രി പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നു ചോദിച്ച പിണറായി, സംഘപരിവാര്‍ അക്രമികള്‍ക്ക് കേരളത്തില്‍ സംരക്ഷണം ലഭിക്കില്ലെന്നും വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

വാരാണസിയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെ, കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ജീവന്‍ പണയംവെച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനെ തള്ളിയാണ് പിണറായിയുടെ മറുപടി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

പ്രധാനമന്ത്രി എന്ന ഉന്നതമായ സ്ഥാനത്തിന് ചേര്‍ന്നതല്ല കേരളത്തെക്കുറിച്ചു നരേന്ദ്ര മോഡി വാരാണസിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍. കേരളത്തില്‍ ബി.ജെ.പിക്കാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് എന്ന് എന്തടിസ്ഥാനത്തിലാണ് അദ്ദേഹം പറയുന്നത്? ഏതു ബി.ജെ.പിക്കാരനാണ് പുത്തിറങ്ങിയാല്‍ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തത്?

രാജ്യത്ത് ഏറ്റവും സമാധാനവും മികച്ച ക്രമസമാധാന പാലനവുമുള്ള കേരളത്തെയും കേരളജനതയേയും പ്രധാനമന്ത്രി തന്നെ ഇത്തരത്തില്‍ വ്യാജപ്രചാരണത്തിലൂടെ അവഹേളിക്കുന്നതു പ്രതിഷേധാര്‍ഹമാണ്. അക്രമവും കൊലപാതകവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്നു കേന്ദ്ര സര്‍ക്കാരിന്‍റെ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ഇത്തരം അബദ്ധ പ്രസ്താവന നടത്തുന്നതിനു മുന്‍പ് ആ കണക്കു നോക്കാന്‍ പ്രധാനമന്ത്രി തയാറാകാഞ്ഞത് അത്ഭുതകരമാണ്.

സംഘപരിവാറില്‍പെട്ട അക്രമികള്‍ക്ക് സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്ന സാഹചര്യം യു.പിയും ഗുജറാത്തും ഉള്‍പ്പെടെ ബി.ജെ.പി. ഭരിക്കുന്ന പല സംസ്ഥാനങ്ങളിലുമുണ്ട്. ആ പരിരക്ഷ കേരളത്തില്‍ ലഭിക്കില്ല. ഇവിടെ സംഘ പരിവാറിന് പ്രത്യേക നിയമമില്ല. അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും.

വര്‍ഗീയത ഇളക്കിവിട്ട് സമാധാനവും ജനങ്ങളുടെ സ്വൈര്യജീവിതവും തകര്‍ക്കാന്‍ ആര്‍.എസ്എസ്. നേതൃത്വത്തില്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നാണ് അത്തരം കലാപനീക്കങ്ങളെ പ്രതിരോധിക്കുന്നത്. വര്‍ഗീയതയുടെയും വിദ്വേഷത്തിന്‍റെയും ശക്തികള്‍ക്ക് കേരളത്തില്‍ മാത്രമല്ല, രാജ്യത്താകെ ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിക്കും എന്ന ഭീതിയാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് പ്രേരണയാകുന്നത്.

എന്തു നുണയും പ്രചരിപ്പിക്കാന്‍ മടിയില്ലാത്ത കൂട്ടരാണ് ആര്‍.എസ്.എസ്. നുണ പ്രചരിപ്പിക്കുന്നതിന് അവര്‍ക്ക് പ്രത്യേക രീതിയും സംവിധാനവുമുണ്ട്. രാജ്യത്തിന്‍റെ പലഭാഗത്തും ഇക്കൂട്ടര്‍ വര്‍ഗ്ഗീയ ലഹളകള്‍ ഉണ്ടാക്കിയത് നുണ പ്രചരിപ്പിച്ചാണ്. ഇത്തരം നുണകള്‍ ആവര്‍ത്തിക്കാന്‍ മതസൗഹാര്‍ദത്തിനും സമാധാന ജീവിതത്തിനും പേരുകേട്ട കേരളത്തെ പശ്ചാത്തലമാക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

0Shares