ദേവീദാസ് പിലിക്കോട്
മംഗളൂരു: മലയാളികളുടെ അഹങ്കാരമായ ഗാനഗന്ധര്വന് ഡോ. പത്മശ്രീ കെ.ജെ യേശുദാസ് 79ന്റെ നിറവില്‍. ഇക്കുറിയും പതിവ് തെറ്റിക്കാതെ കുടുംബസമേതം കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര സന്നിധിയിലെത്തി. ഭാര്യ പ്രഭ യേശുദാസ്, മകന് വിനോദ് യേശുദാസ് സംഗീതജ്ഞന് വിദ്യാധരന് മാസ്റ്റര്‍ എന്നിവരോടൊപ്പം ബുധനാഴ്ച വൈകീട്ടോടെ തന്നെ ഗാന ഗന്ധര്വ്വന് കൊല്ലുരിലെത്തിയിരുന്നു.
79ാം പിറന്നാള്‍ ദിനത്തില്‍ അക്ഷരദേവതയെ പ്രണമിച്ച് ചണ്ഡികാ ഹോമത്തില്‍ പങ്കെടുത്ത ഗാനഗന്ധര്വ്വന് യേശുദാസ് സരസ്വതി മണ്ഡപത്തില്‍ ഗാനാര്‍ച്ചനയും നടത്തി. 79ാം വയസ്സിലേക്ക് പ്രവേശിക്കുമ്പോഴും മലയാളിയുടെ സംഗീതസാഫല്യമായ യേശുദാസിന്റെ ശബ്ദത്തിന് നിത്യയൗവനം. കൊല്ലൂരിലെ മൂകാംബികക്ഷേത്രച്ചുമരുകളും മാറാത്ത ആ ശബ്ദസൗഭഗം കേട്ട് അത്ഭുതംകൂറിയിരിക്കണം. ക്ഷേത്ര പ്രദക്ഷിണത്തിന് ശേഷം വാതാപീ ഗണപതീം ഭജേം എന്നു തുടങ്ങുന്ന കീര്‍ത്തനം പിറന്നാളിനോടനുബന്ധിച്ച് കൊല്ലൂരില്‍ യേശുദാസ് ആലപിച്ചപ്പോള്‍ മാറാത്തതായി ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. വയസ്സറിയാത്ത ആ ശബ്ദം. പതിവിലും വ്യത്യസ്തമായി മൂന്നു ഗാനാമാണ് ആസ്വാദകര്‍ക്കായി യേശുദാസ് പാടിയത്. ഹംസാനന്ദി രാഗത്തില്‍ പാവനഗുരു പവനപുരേ കീര്‍ത്തനങ്ങളും, ദേവീ സ്തുതിയും ആലപിച്ചു. സര്‍വ്വ സംഗീതത്തിന്റെയും ഉറവിടമാണ് മൂകാംബികാ ദേവീ സന്നിധിയെന്ന് യേശുദാസ് പറഞ്ഞു. സംഗീതോപകരണങ്ങള്‍ വായിക്കുമ്പോള്‍ അതില്‍ പൂര്‍ണ്ണമായും ലയിച്ചിരിക്കണം. തന്റെ പാട്ടിന് ഉപകരണങ്ങള്‍ വായിച്ചവര്‍ക്ക് സംഭവിച്ച തെറ്റുകള്‍ തിരുത്തി കൊടുക്കുകയും ഒരു കലാകാരന് എപ്പോഴും പഠിതാവായിരിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു.അരമണിക്കൂറോളംസംഗീത ക്ലാസെടുത്തു.
താന്‍ 79ാം വയസിസും ഒരു പാട്ടുപഠിക്കുന്ന കുട്ടിമാത്രമാണെന്ന് സഹൃദയരെ അദ്ദേഹം ഒന്നുകൂടി ഓര്‍മിച്ചിച്ചു. വൈകീട്ട് ദീപാരാധനയിലും പങ്കെടുത്തു. യേശുദാസും കുടുംബവും മൂകാംബികാ ദേവീ സന്നിധിയില്‍ നിന്ന് ഇന്ന് രാവിലെ തൊഴുതിറങ്ങി. 1940 ജനുവരി 10ന് ഫോര്‍ട്ടു കൊച്ചിയിലെ ലത്തീന്‍ കത്തോലിക്കാ കുടുംബത്തില്‍ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന് ജോസഫിന്റെ മകനായാണ് യേശുദാസ് ജനിച്ചത്. അഗസ്റ്റിന് ജോസഫ്എലിസബത്ത് ദമ്പതികളുടെ ഏഴ് മക്കളില്‍ രണ്ടാമനും ആണ്മക്കളില് മൂത്തവനുമായിരുന്നു യേശുദാസ്. പുഷ്പ എന്ന ജ്യേഷ്ഠത്തിയും ആന്റപ്പന്, ബാബു, മണി, ജസ്റ്റിന് എന്നീ അനുജന്മാരും ജയമ്മ എന്ന അനുജത്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇവരില്‍ പുഷ്പയും ബാബുവും ബാല്യകാലത്തിലേ പനി വന്ന് മരിച്ചുപോയി. ശാസ്ത്രീയ സംഗീതത്തോട് അതും കര്‍ണ്ണാടക സംഗീതത്തോട് വലിയ മമത പുലര്‍ത്താത്ത ഒരു സമുദായത്തില്‍ ശുദ്ധസംഗീതത്തിലേക്ക് യേശുദാസിനെ കൈപിടിച്ചു നടത്തിയത് അച്ഛന് തന്നെയായിരുന്നു.
കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അഗസ്റ്റിന് ജോസഫ് വളരെ കഷ്ടപ്പെട്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ബാല്യകാലത്ത് താന്‍ അനുഭവിച്ച ദുരിതങ്ങളെ പറ്റി യേശുദാസ് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ കഷ്ടപ്പാടുകള്‍ക്കിടയിലും മകനിലെ സംഗീത വാസനയെ പരിപോഷിപ്പിക്കാന്‍ അധ്വാനിക്കുകയായിരുന്നു അഗസ്റ്റിന് ജോസഫ്.അച്ഛന് പാടിത്തന്ന പാഠങ്ങള്‍ മനസ്സില്‍ ധ്യാനിച്ച യേശുദാസ് 1949ല്‍ ഒമ്പതാം വയസ്സില്‍ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാര്‍ ദാസപ്പന് എന്ന ഓമനപ്പേരില്‍ ആ ബാലനെ ലാളിച്ചു തുടങ്ങി. തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്. എല്‍. വി സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത് ആദ്യത്തെ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു. അത്തവണ മൃദംഗവായനയില്‍ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പില്ക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായ പി. ജയചന്ദ്രന്. ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയില്‍ പങ്കെടുത്ത യേശുദാസ് അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകന് കര്‍ണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1974 ല്‍ ചെമ്പൈയുടെ മരണം വരെ ഇതു തുടര്‍ന്നു പോന്നു.
1945 ജൂണില്‍ ഫോര്‍ട്ട് കൊച്ചിയിലെ സെന്റ് ജോണ്‍ ഡി ബ്രിട്ടോ സ്കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നുകൊണ്ടാണ് യേശുദാസ് വിദ്യാഭ്യാസം ആരംഭിച്ചത്. സ്കൂള്‍ പാഠപുസ്തകത്തിലെ കവിതകള്‍ ആലപിച്ചും മറ്റും വളരെ പെട്ടെന്നുതന്നെ അദ്ദേഹം കൂട്ടുകാര്‍ക്കിടയില്‍ പേരെടുത്തു. എന്നാല്‍, അധികമായ വികൃതിയെത്തുടര്‍ന്ന് അദ്ദേഹത്തെ ബ്രിട്ടോ സ്കൂളില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന്, പള്ളുരുത്തി സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളില്‍ ചേര്‍ന്ന അദ്ദേഹം തുടര്‍ന്നുള്ള സ്കൂള്‍ വിദ്യാഭ്യാസം മുഴുവന്‍ അവിടെയാണ് നടത്തിയത്. 1958 മാര്‍ച്ചില്‍ ആദ്യ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കിട്ടിയ ഗ്രേസ് മാര്‍ക്കിന്റെ ബലത്തില്‍ അദ്ദേഹം എസ്.എസ്.എല്‍.സി. പാസായി.
സംഗീത പഠനം കഴിഞ്ഞയുടന്‍ ‘നല്ല തങ്ക’ എന്ന ചിത്രത്തില്‍ പാടാന്‍ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ് തഴഞ്ഞു. നിരാശനാകാതെ ദാസ് പരിശ്രമിച്ചു കൊണ്ടേയിരുന്നു. 1961 നവംബര്‍ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റിക്കോര്‍ഡ് ചെയ്തത്.കെ. എസ്. ആന്റണി എന്ന സംവിധായകന് തന്റെ ‘കാല്‍പ്പാടുകള്‍’ എന്ന സിനിമയില്‍ പാടാന്‍ അവസരം നല്കി. സിനിമയിലെ മുഴുവന്‍ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു. ചെന്നൈ (പഴയ മദ്രാസ്) യിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോര്‍ഡിംഗ് നടന്നത്. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. മലയാള സിനിമയില്‍ പിന്നീടു കണ്ടത് യേശുദാസിന്റെ സ്വര പ്രപഞ്ചമാണ്.
