ഷൂട്ടൗട്ടിലൂടെ പോര്‍ച്ചുഗലിനെ തകര്‍ത്ത് ചിലി കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ഫൈനലില്‍.

  • Post category:news
  • Reading time:1 min read
You are currently viewing ഷൂട്ടൗട്ടിലൂടെ പോര്‍ച്ചുഗലിനെ തകര്‍ത്ത് ചിലി കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ഫൈനലില്‍.

കസാന്‍: ആവേശം നിറഞ്ഞ കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ആദ്യ സെമിയില്‍ ഷൂട്ടൗട്ടിലൂടെ പോര്‍ച്ചുഗലിനെ തകര്‍ത്ത് ചിലി ഫൈനലില്‍ പ്രവേശിച്ചു. തുല്യശക്തികളുടെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും തുല്യത പാലിച്ചതോടെ ഷൂട്ടൗട്ടിലേക്ക് നീണ്ട മല്‍സരത്തില്‍ 3-0നായിരുന്നു ചിലിയുടെ ജയം. ചിലിയുടെ ഗോള്‍ കീപ്പര്‍ ക്ലൗഡിയോ ബ്രോവോയുടെ ചോരാത്ത കൈകളുടെ മികവാണ് ചിലിക്ക് ഫൈനല്‍ ബര്‍ത്ത് നല്‍കിയത്. പോര്‍ച്ചുഗലിന് വേണ്ടി കിക്കെടുത്ത മൂന്ന് താരങ്ങളും ബ്രാവോയുടെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ തലകുനിച്ച് മടങ്ങി.

അതേ സമയം ചിലിയുടെ ആദ്യ മൂന്ന് ഷോട്ടുകളും ഗോള്‍വല തുളച്ചതോടെ ചിലി ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു.പോര്‍ച്ചുഗലിന്റെ റിക്കാര്‍ഡോ ക്വറെസ്മോ, സാന്റോസ് മൗടീഞ്ഞോ, പരിചയ സമ്പന്നനായ നാനി എന്നിവരുടെ കാലുകള്‍ക്കാണ് ലക്ഷ്യം പിഴച്ചത്. ചിലിക്കുവേണ്ടി അര്‍ടുറോ വിദാല്‍, അരാങ്കിസ്, അലക്സീസ് സാഞ്ചസ് എന്നിവരാണ് ലക്ഷ്യം കണ്ടത്. ചിലയുടെ ആദ്യ കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലാണിത്. രണ്ടാം സെമിയില്‍ ഏറ്റുമുട്ടുന്ന ജര്‍മനി മെക്സിക്കോ മല്‍സരത്തിലെ വിജയിയാവും ചിലിക്ക് എതിരാളികളായി എത്തുക.

0Shares