കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസില്‍ 23ന് വിശദമായ വാദം കേള്‍ക്കും. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കാനുള്ള അധികാരമില്ല. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ പഴയ മദ്രാസ് പ്രവിശ്യയുടെ കീഴിലുളള സ്ഥലമാണ്. കേരള ഹൈക്കോടതിക്ക് അവിടെ നിന്നുള്ള കേസുകളുടെ കാര്യത്തില്‍ അപ്പീല്‍ അധികാരമില്ല. ഇത് പരിഗണിക്കേണ്ടത് സുപ്രീംകോടതിയാണ് എന്ന് ഷുഹൈബിന്റെ പിതാവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഈ നിയമ പ്രശ്നം ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഡിവിഷന്‍ ബെഞ്ച് അറിയിക്കുകയായിരുന്നു. ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിനായിരുന്നു അന്വേഷണ ചുമതല. കേരളാ പൊലീസിനെതിരെ അതിരൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയാണ് കേസ് സിബിഐയ്ക്കു കൈമാറിയത്. അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു ജസ്റ്റിസ് കമാല്‍ പാഷെയുടെ ഉത്തരവ്. സിംഗിള്‍ ബെഞ്ചിന് പരിഗണിക്കാനാകില്ലെന്ന സര്‍ക്കാര്‍ നിലപാടും കോടതി നിരാകരിച്ചിരുന്നു. പ്രതികള്‍ക്ക് ഉന്നതനേതാക്കളുമായി ബന്ധമുണ്ടെന്ന വാദത്തില്‍ കഴമ്പുണ്ടെന്നാണ് കോടതി കണ്ടെത്തിയത്. കേസില്‍ ഉന്നതതല ഗൂഢാലോചന നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നു നിര്‍ദ്ദേശിച്ച കോടതി, അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സി.ബി.ഐയ്ക്കു കൈമാറാനും ഉത്തരവിട്ടിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കേസ് പരിഗണിച്ച ജസ്റ്റിസ് കെമാല്‍പാഷ തള്ളിയിരുന്നു.
ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ; താല്‍ക്കാലിക ആശ്വാസത്തില്‍ സി.പി.എം