
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് (81) അന്തരിച്ചു . ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 1998 മുതല്‍ 2013 വരെ 15 വര്‍ഷത്തോളം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് നിലവില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയാണ്. 5 മാസം കേരള ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ അംഗമായിരുന്നു.
ഗാന്ധികുടുംബവുമായുള്ള അടുപ്പമാണ് അവർക്കു രാഷ്ട്രീയത്തിൽ നേട്ടങ്ങൾ നൽകിയത്. രാജീവ് ഗാന്ധി അവരെ പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ ചുമതലയുള്ള സഹമന്ത്രിയാക്കി. 1991ൽ രാജീവ് വധിക്കപ്പെട്ടശേഷം കോൺഗ്രസ് അധ്യക്ഷനും പ്രധാനമന്ത്രിയുമായ പി.വി.നരസിംഹറാവുവിനെ വെല്ലുവിളിച്ചു സോണിയ ഗാന്ധിക്കൊപ്പം നിന്നവരിൽ പ്രധാനിയാണ് അവർ. 1998ൽ സോണിയ കോൺഗ്രസിന്റെ ചുമതലയേറ്റശേഷം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനുള്ള ദൗത്യം ഷീലയെ ഏൽപിച്ചു.

അന്ന് പ്രദേശ് കോൺഗ്രസ് അധ്യക്ഷയായിരുന്ന അവർ അപ്രതീക്ഷിതമായാണു മുഖ്യമന്ത്രിസ്ഥാനാർഥിയായത്. പഞ്ചാബുകാരിയായ ഷീലയെ കോൺഗ്രസ് ട്രഷററും കേന്ദ്രമന്ത്രിയുമായിരുന്ന ഉമാശങ്കർ ദീക്ഷിതിന്‍റെ മകനാണു വിവാഹംചെയ്തത്. അതോടെ ഉത്തർപ്രദേശിന്‍റെ മരുമകളായാണ് അവർ അറിയപ്പെടുന്നത്.
തുടർച്ചയായി 15 വർഷം ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്‍റെ പതനത്തിനു തുടക്കം എ.എ.പിയുടെ ഉയർച്ചയിൽ നിന്നാണ്. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തറപറ്റി.ന്യൂഡൽഹി മണ്ഡലത്തിൽ എ.എ.പി നേതാവായ അരവിന്ദ് കേജ്‍രിവാളിനു കിട്ടിയതിന്‍റെ പകുതി വോട്ടും പോലും നേടാനാകാതെ വന്നു ഷീലയ്ക്ക്. പിന്നീടു കേരള ഗവർണറും ഉത്തർപ്രദേശിൽ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമൊക്കെയായി വാർത്തകളിൽ നിറഞ്ഞു നിന്ന ഷീലയെ ഡി.പി.സി.സി അധ്യക്ഷയായി നിയമിച്ചതിനു പിന്നിൽ സാഹചര്യങ്ങളുടെ സമ്മർദവുമുണ്ട്.
