മുംബൈ: ഏറെ വിവാദമായ ഷീനാ ബോറ കൊലപാതക കേസില്‍ അഞ്ചു വര്‍ഷത്തിനു ശേഷം കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടാനച്ഛന്‍ പീറ്റര്‍ മുഖര്‍ജിക്കും അമ്മ ഇന്ദ്രാണിക്കുമെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ വിചാരണ ഫെബ്രുവരി 1ന് ആരംഭിക്കും. ഇന്ദ്രാണിയുടെയും ആദ്യ ഭര്‍ത്താവ് സഞ്ജീവ് ഖന്നയുടെയും മകളാണ് ഷീന ബോറ.

ഇന്ദ്രാണിയുടെ രണ്ടാം ഭര്‍ത്താവായ പീറ്റര്‍ മുഖര്‍ജിയുടെ ആദ്യ വിവാഹത്തിലെ മകനായ രാഹുലുമായുള്ള ഷീന ബോറയുടെ അടുപ്പമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇവര്‍ വിവാഹിതരാവുകയാണെങ്കില്‍ പീറ്റര്‍ മുഖര്‍ജിയുടെ സ്വത്തുക്കള്‍ മക്കളിലേക്ക് പോകുമോയെന്ന ഭയവും കൊലയ്ക്ക് കാരണമായി. മുംബൈ മെട്രോയിലെ ജീവനക്കാരിയായ ഷീന ബോറയെ 2012 ഏപ്രില്‍ 24നാണ് കാണാതായത്. തൊട്ടടുത്ത ദിവസം മുംബൈക്കടുത്ത് കാട്ടില്‍ നിന്ന് ഷീനയുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.

മൂന്ന് വര്‍ഷത്തിനു ശേഷമാണ് പ്രതികളായ അമ്മ ഇന്ദ്രാണിയും രണ്ടാനച്ഛന്‍ പീറ്ററര്‍ മുഖര്‍ജിയും അറസ്റ്റിലായത്. മറ്റൊരു പ്രതിയായ ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റോയിയെ നേരത്തെ മാപ്പു സാക്ഷിയായി സി.ബി.ഐ പ്രഖ്യാപിച്ചിരുന്നു. സഞ്ജീവ് ഖന്നയ്‌ക്കെതിരെ സി.ബി.ഐ വധ ശ്രമത്തിന് കേസെടുത്തിരുന്നു. ഡ്രൈവറുടെയും മുന്‍ ഭര്‍ത്താവിന്റെയും സഹായത്തോടെയാണ് ഇന്ദ്രാണി മകളെ കൊലപ്പെടുത്തിയത്.