
വിയ്യൂർ: ഹാദിയയുടെ ഭർത്താവ് ഷഫിൻ ജഹാനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഐ.എസ് കേസ് അന്വേഷിക്കാൻ എൻ.ഐ.എ സംഘം വിയ്യൂർ ജയിലിൽ എത്തി. ആരോപണവുമായി ബന്ധപ്പെട്ട് കനകമല ഐ.എസ് തീവ്രവാദ കേസിലെ പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കണ്ണൂർ തലശ്ശേരി സ്വദേശികളായ ഒന്നാം പ്രതി മൻസീദ്, ഒൻപതാം പ്രതി റയ്യാൻ എന്ന സഫ്വാൻ എന്നിവരെയാണ് ചോദ്യം ചെയ്യുക. പ്രതികളെ ചോദ്യംചെയ്യാൻ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി നേരത്തെ അനുമതി നൽകിയിരുന്നു.

ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയത്. എൻ.ഐ.എക്കൊപ്പം ഐ.ടി വിദഗ്ധരും ജയിലിലെത്തുമെന്നാണ് വിവരം. ചോദ്യം ചെയ്യലിനിടെ മാനസിക, ശാരീരിക പീഡനങ്ങൾ പാടില്ലെന്ന് കോടതി എൻ.ഐ.എയോട് നിർദേശിച്ചിട്ടുണ്ട്. മൻസീദും ഷഫിൻ ജഹാനും ഒരേ വാട്സ് ആപ് ഗ്രൂപ്പിൽ അംഗങ്ങളായതാണ് എൻ.ഐ.എ സംശയത്തിന് കാരണമായി പറയുന്നത്. കൂടാതെ, സഫ്വാനുമായി ഷഫിൻ ജഹാന് അടുപ്പമുള്ളതായും എൻ.ഐ.എ ആരോപിക്കുന്നുണ്ട്. കനകമല കേസന്വേഷണം നടക്കുന്നതിനിടെയാണത്രെ എൻ.ഐ.എക്ക് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട് ഷഫിൻ ജഹാൻ അടക്കം 30 പേരിൽ നിന്ന് എൻ.െഎ.എ മൊഴിയെടുത്തിട്ടുണ്ട്. ഹാദിയ കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ കേസിന്റെ വിശദാംശങ്ങൾ എൻ.ഐ.എ ഹാജരാക്കും.
