ന്യൂഡല്‍ഹി: ബി.സി.സി.ഐ യുടെ അനുമതിയില്ലാതെ കളിക്കളത്തിലിറങ്ങാന്‍ തയ്യാറെടുത്തിരുന്ന മലയാളി താരം എസ്. ശ്രീശാന്തിന് ബി.സി.സി.ഐ യുടെ ഔദ്യോഗിക വിലക്ക്. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് കോടതി ശിക്ഷിച്ച ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്ന് വിലക്കുന്നതായുള്ള അറിയിപ്പ് ബി.സി.സി.ഐ കേരള ക്രിക്കറ്റ് അസോസിയേഷന് നല്കി. ബി.സി.സി.ഐയില്‍ നിന്നും ലഭിച്ച ഔദ്യോഗിക അറിയിപ്പ് കെ.സി.എ യാണ് ശ്രീശാന്തിന് അയച്ചത്.

വിലക്ക് സംബന്ധിച്ച് ഒരു ഔദ്യോഗിക അറിയിപ്പും ലഭിക്കാത്ത പശ്ചാത്തലത്തില്‍ ഞായറാഴ്ച്ച ജില്ലാ ക്രിക്കറ്റ് ലീഗില്‍ കളിക്കാനിറങ്ങുമെന്ന് ശ്രീശാന്ത് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബി.സി.സി.ഐ വിലക്ക് സംബന്ധിച്ച അറിയിപ്പ് ഔദ്യോഗികമായി താരത്തെ അറിയിച്ചത്. ക്രിക്കറ്റില്‍ നിന്നും വിലക്കുന്ന കാര്യം 2013 ഒക്ടോബറില്‍ തന്നെ ശ്രീശാന്തിനെ അറിയിച്ചിരുന്നുവെന്നും അതിന്റെ പകര്‍പ്പാണ് ഇപ്പോള്‍ കെ.സി.എയ്ക്ക് അയച്ചിരിക്കുന്നതെന്നും ബി.സിസി.ഐ വ്യക്തമാക്കി. ശ്രീശാന്ത് കളിക്കാനിറങ്ങിയാലുളള പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ട് ഞായറാഴ്ച്ച നടക്കാനിരുന്ന ജില്ലാ ക്രിക്കറ്റ് ലീഗ് മാറ്റിവെയ്ക്കാന്‍ കെ.സി.എ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം തനിക്ക് നീതി ലഭിക്കാന്‍ വേണ്ടി രാജ്യാന്തര തര്‍ക്കപരിഹാര കോടതിയെ സമീപിച്ചിരിക്കുകയാണ് ശ്രീശാന്ത്.