തിരുവനന്തപുരം: ഒടുവില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പാടാന്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന് അവസരം. വിജയദശമിനാളില്‍ കല്‍മണ്ഡപത്തിലോ നവരാത്രി മണ്ഡപത്തിലോ ഇരുന്ന് യേശുദാസ് കീര്‍ത്തനം ആലപിക്കും. ക്ഷേത്ര പ്രവേശനത്തിനായി പ്രത്യേക ദൂതന്‍ വഴി യേശുദാസ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ക്ഷേത്രം എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം. വിജയദശമി ദിവസമായ ഈ മാസം മുപ്പതിന് ക്ഷേത്രദര്‍ശനം നടത്താന്‍ അനുവാദം നല്‍കണമെന്നാണ് യേശുദാസ് അപേക്ഷയില്‍ ആവശ്യപ്പെട്ടത്.
മുകാംബിക, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളില്‍ സ്ഥിരം സന്ദര്‍ശകനായ യേശുദാസിന്റെ കാര്യത്തില്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉദാര സമീപനമാണ് സ്വീകരിച്ചത്. ഹിന്ദുമത വിശ്വാസികള്‍ക്ക് മാത്രമാണ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശനം. എന്നാല്‍ വിദേശികളും മറ്റും ക്ഷേത്രത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ അനുവാദത്തോടെ പ്രവേശിക്കാറുണ്ട്. 2014 മുതല്‍, ഹൈന്ദവധര്‍മവും ആചാരാനുഷ്ഠാനങ്ങളും പിന്തുടരുന്ന വിശ്വാസിയാണെന്നു സ്വന്തം സത്യവാങ്മൂലം നല്‍കുന്ന ആര്‍ക്കും പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശനം നല്‍കിവരുന്നുണ്ട്. ഹൈന്ദവധര്‍മ്മം പിന്തുടരുന്നവരാണെന്ന സാക്ഷ്യപത്രം നല്‍കിയോ രാമകൃഷ്ണമിഷന്‍, ഹരേരാമ ഹരേകൃഷ്ണ തുടങ്ങിയ സംഘടനകളില്‍ നിന്നുള്ള സാക്ഷ്യപത്രം സമര്‍പ്പിച്ചാലോ ഇവിടെ പ്രവേശനം നേടാം.
