
നെയ്യാറ്റിന്‍കര സ്വദേശിയായ ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സി.ബി.ഐ റിപ്പോര്‍ട്ട്. ശ്രീജീവ് ആത്മഹത്യ ചെയ്തതാണെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. ആത്മഹത്യാകുറിപ്പ് തെളിവായി ചൂണ്ടിക്കാട്ടി. ശാസ്ത്രീയ തെളിവുകളും സി.ബി.ഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

റിപ്പോര്‍ട്ട് തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു. ശ്രീജിവിന്റേത് കസ്റ്റഡി മരണമാണെന്നും നീതി ലഭിക്കണമെന്നും ആരോപിച്ച് സഹോദരന്‍ ശ്രീജിത്ത് മാസങ്ങളോളം സമരമിരുന്നത് വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. പിന്നീട് കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു.
2014 മെയ് 19നാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ സ്വദേശിയായ ശ്രീജിവിനെ പാറശാല പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. 21 ന് ഇയാള്‍ മരിക്കുകയായിരുന്നു. ലോക്കപ്പില്‍ വച്ച ശ്രീജീവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍, അയല്‍വാസിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന ശ്രീജീവിനെ പെണ്‍കുട്ടിയുടെ ബന്ധുവായ പോലീസുകാരന്‍റെ സഹായത്തോടെ അപായപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
