
കൊച്ചി: വാരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്‍റെ വാദങ്ങള്‍ ഒന്നൊന്നായി പൊളിയുന്നു. പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് നടന്ന സംഘര്‍ഷത്തിലാണ് ശ്രീജിത്തിന് മര്‍ദ്ദനം ഏറ്റിരുന്നത് എന്നായിരുന്നു പോലീസ് വാദം. എന്നാല്‍, മരണത്തിന് മുന്‍പുള്ള മൂന്ന് ദിവസങ്ങളിലാണ് ഇയാള്‍ക്ക് മര്‍ദ്ദനം ഏറ്റതെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കി. കുടലിനേറ്റ മാരകപരുക്കുമായി ചികിൽസയില്ലാതെ ഏറെനേരെ നിൽക്കാനാകില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നുണ്ട്. അതിനാൽ തന്നെ പൊലീസ് പിടികൂടുമ്പോൾ ലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ലെന്ന വാദവും നിലവിൽക്കില്ല. ദേഹത്തു 18 പരുക്ക്, ചെറുകുടൽ മുറിഞ്ഞു വിട്ടുപോകാറായ നിലയിൽ, ദേഹമാകെ ചതവ്, അടിവയറ്റിൽ ശക്തിയായ ക്ഷതം, ജനനേന്ദ്രിയത്തിൽ പരുക്ക് എന്നിവയാണു ശ്രീജിത്തിന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്.

തങ്ങള്‍ ശ്രീജിത്തിനെ പിടികൂടി വാരാപ്പുഴപോലീസിന് കൈമാറുമ്പോള്‍ അവശതയോ ദേഹത്ത് പരിക്കുകളോ ഇല്ലായിരുന്നു എന്ന് ശ്രീജിത്തിനെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത റൂറല്‍ ടൈഗര്‍ ഫോഴ്സിലെ പോലീസുകാര്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ മൊഴി നല്‍കി. റൂറൽ എസ്പി എ.വി.ജോർജിന്റെയും വടക്കൻ പറവൂർ സി.ഐ ക്രിസ്പിൻ സാമിന്‍റെയും നിർദേശപ്രകാരമാണു പ്രതികളെ പിടികൂടിയത്. മഫ്തിയിൽ പോകാൻ നിർദേശിച്ചതും മേലുദ്യോഗസ്ഥരാണ്. പ്രതികളുടെ വീടു കാണിച്ചുതരാനും ആളുകളെ ഏർപ്പാടാക്കി. ശ്രീജിത്തിനെയും സജിത്തിനെയും പിടികൂടി റോഡിലെത്തിച്ചു മുനമ്പം പൊലീസിനു കൈമാറിയെന്നും ഇവരുടെ മൊഴിയിൽ വ്യക്തമായി പറഞ്ഞിരുന്നു.
