ശീതയുദ്ധമല്ല, തുറന്ന യുദ്ധം; സിറിയ കത്തുന്നു; അമേരിക്കയും സഖ്യകക്ഷികളായ ഫ്രാന്‍സും ഇംഗ്ലണ്ടും ചേര്‍ന്ന് വ്യോമാക്രമണം ആരംഭിച്ചു; റഷ്യയുടെ പ്രതികരണം ഉറ്റുനോക്കി ലോക രാജ്യങ്ങള്‍

  • Post category:news
  • Reading time:1 min read
You are currently viewing ശീതയുദ്ധമല്ല, തുറന്ന യുദ്ധം; സിറിയ കത്തുന്നു; അമേരിക്കയും സഖ്യകക്ഷികളായ ഫ്രാന്‍സും ഇംഗ്ലണ്ടും ചേര്‍ന്ന് വ്യോമാക്രമണം ആരംഭിച്ചു; റഷ്യയുടെ പ്രതികരണം ഉറ്റുനോക്കി ലോക രാജ്യങ്ങള്‍

വാഷിംഗ്ടണ്‍: ലോകം വീണ്ടും യുദ്ധഭീഷണിയില്‍. സിറിയയ്ക്കെതിരെ അമേരിക്കയും സഖ്യകക്ഷികളായ ഫ്രാന്‍സും ഇംഗ്ലണ്ടും ചേര്‍ന്ന് വ്യോമാക്രമണം ആരംഭിച്ചു. ഡൂമയില്‍ രാസയുധ ആക്രമണം നടത്തി എന്ന ആരോപണത്തിന് പിന്നാലെയാണ് സഖ്യകക്ഷികളുടെ ഈ വ്യോമാക്രമണം. സിറിയയിലെ രാസായുധ കേന്ദ്രങ്ങളിലേക്ക് അമേരിക്ക ആക്രമണം നടത്തി. സിറിയയുടെ തലസ്ഥാനമായ ദമാസ്‍കസില്‍ വലിയ സ്ഫോടനങ്ങളുണ്ടായതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‍സ്‍ റിപ്പോര്‍ട്ട് ചെയ്‍തു. ഫ്രാന്‍സ്, ബ്രിട്ടന്‍ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് അമേരിക്ക ആക്രമണം നടത്തുന്നത്. കഴിഞ്ഞയാഴ്‍ച്ച വിമത പോരാളികള്‍ക്ക് നേരെ സിറിയന്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സിറിയയ്ക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദമാസ്‌കസിനു സമീപം ഡൂമയില്‍ സിറിയ നടത്തിയ രാസാക്രമണത്തിനുള്ള പ്രതികരണമായാണ് ആക്രമണമെന്ന് ട്രംപ് പറഞ്ഞു. സ്വന്തം ജനങ്ങള്‍ക്കെതിരെയാണ് സിറിയ ആക്രമണം നടത്തുന്നത്. സാധാരണക്കാരെയും കുട്ടികളെയും ഉള്‍പ്പെടെയാണ് കൊന്നൊടുക്കുന്നത്. ഇതിനെതിരെ ഇടപെടേണ്ടത് അത്യാവശ്യമാണ്. രാസായുധ ആക്രമണത്തില്‍ റഷ്യ പങ്കാളിയാകുന്നതിനെതിനെയും ട്രംപ് വിമര്‍ശിച്ചു.

സിറിയയില്‍ അമേരിക്ക സൈനിക നടപടിയിലേക്ക് നീങ്ങിയാല്‍ നിലവിലെ സാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് റഷ്യന്‍ പാര്‍ലമന്റെ് വക്താവ് ദിമിത്രി പെസ്‌കോവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ട്വിറ്റര്‍ നയതന്ത്രത്തില്‍ വിശ്വസിക്കുന്നില്ലെന്നും അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന് റഷ്യ മറുപടി നല്‍കി. സിറിയയില്‍ സൈനികനടപടിയെടുക്കുമെന്നും തടുക്കാന്‍ കഴിയുമെങ്കില്‍ തടുത്തോളൂ എന്നുമുള്ള ട്രംപിന്‍റെ ട്വീറ്റിനെയാണ് പെസ്‌കോവ് പരിഹസിച്ചത്. നിലവിലെ സാഹചര്യത്തില്‍ റഷ്യ എങ്ങിനെ പ്രതികരിക്കുമെന്ന് ലോകം ഉറ്റുനോക്കുകയാണ്.

0Shares