തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ അടുത്തമാസം 13 നു നടക്കുന്ന സുപ്രീംകോടതി വിധി എതിരായാല്‍ തുടര്‍ പ്രതിഷേധ പരിപാടികള്‍ ആലോചിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. രണ്ടാംഘട്ട പ്രക്ഷോഭത്തിന് രൂപം നല്‍കാന്‍ ഹിന്ദുനേതൃ സമ്മേളനം വ്യാഴാഴ്ച കോട്ടയത്ത് ചേരും. എന്‍.എസ്.എസ് പദാകദിനാചരണത്തിന് ചങ്ങനാശേരിയില്‍ പതാക ഉയര്‍ത്തിയ ശേഷമാണ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന് വ്യക്തമാക്കിയത്. പ്രക്ഷോഭരംഗത്തുള്ള മറ്റ് സംഘടനകളുമായി ആലോചിച്ച് എന്‍എസ്എസ് തീരുമാനമെടുക്കും.
വിധി അനുകൂലമാകുമെന്നും സര്‍ക്കാരിന്റെ കണ്ണ് തുറക്കുമെന്നാണ് പ്രതീക്ഷയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വിശ്വാസസംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാന മുഴുവന്‍ കരയോഗങ്ങളിലും എന്‍.എസ്.എസ് നാമജപ പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിച്ചു. അതിനിടെ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ തുടര്‍ പ്രക്ഷോഭപരിപാടികള്‍ നാളെ കോട്ടയത്ത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സന്യാസികളും അയ്യപ്പഭക്തസംഘനകളും യോഗത്തില്‍ പങ്കെടുക്കും.
ശബരിമല സ്ത്രീ പ്രവേശനം; സംസ്ഥാന സര്‍ക്കാരിന് താക്കീതുമായി എന്‍.എസ്.എസ്; വിധി അനുകൂലമല്ലെങ്കില്‍ രണ്ടാംഘട്ട പ്രക്ഷോഭത്തിന് രൂപം നല്‍കും