പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് ശബരിമല സംരക്ഷണസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇന്ന് രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് സംരക്ഷണസമിതി ആഹ്വാനം ചെയ്തിരിക്കുന്നത്. നവരാത്രിയാഘോഷം നടക്കുന്ന മുഖ്യക്ഷേത്രങ്ങളെയും ശബരിമല തീര്‍ഥാടകരെയും പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വീസുകളെയും ഒഴിവാക്കി. നട തുറന്നിരിക്കുന്ന അഞ്ചുദിവസം ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും ബേസ് ക്യാമ്പുകള്‍ തുറന്ന് ഉപരോധം തീര്‍ക്കുമെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ പ്രതീഷ് വിശ്വനാഥ് പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രവീണ്‍ തൊഗാഡിയ അധ്യക്ഷനായ അന്താരാഷ്ട്ര ഹിന്ദു പരിക്ഷത്ത് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ശബരിമല കേന്ദ്രീകരിച്ച് ശക്തമായ സമരമാണ് ശബരിമല സംരക്ഷണസമിതി നടത്തുന്നത്. ബുധനാഴ്ച്ച പുലര്‍ച്ചെ മുതല്‍ പലതവണ സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സമരപന്തല്‍ പൊളിച്ച് നീക്കിയ പൊലീസ് പ്രക്ഷോഭകര്‍ക്ക് നേരെ ലാത്തി വീശി. ആരെയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്നും ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഡി.ജി.പി വ്യക്തമാക്കി.
