ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ ചില സംഘടനകള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം ഹൈക്കോടതി ശബരിമല വിഷയത്തില്‍ നടത്തിയ വിധി സംസ്ഥാന സര്‍ക്കാരിന് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. ഹൈക്കോടതി വിധി പരിശോധിച്ച ശേഷം സുപ്രീം കോടതിയിലേക്ക് നീങ്ങിയാല്‍ മതിയെന്നാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ തിടുക്കത്തില്‍ സുപ്രീം കോടതിയിലേക്ക് നീങ്ങേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ.ശബരിമലയിലെ നിലവിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ സമീപിക്കുമെന്നായിരുന്നു വിവരം. ഇതനുസരിച്ച് അഭിഭാഷകരുമായി കൂടിയാലോചനകളും നടന്നിരുന്നു. ഇന്ന് ഇത് സംബന്ധിച്ച ഹര്‍ജി ഫയല്‍ ചെയ്യാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്രതീക്ഷിതമായി പിന്മാറിയത്. നേരത്തെ ശബരിമല വിധിയില്‍ സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകനായ ജയ്ദീപ് ഗുപ്തയെയാണ് ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ ഏല്‍പിച്ചിരുന്നത്. വക്കാലത്തിന്റെ കരട് ഇന്നലെത്തന്നെ ജയ്ദീപ് ഗുപ്തയുടെ ഓഫീസില്‍ എത്തിയ്ക്കുകയും ചെയ്തിരുന്നു. പ്രധാനമായും സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ പ്രായോഗികബുദ്ധിമുട്ടുകളാണ് ഹര്‍ജിയില്‍ സംസ്ഥാനസര്‍ക്കാര്‍ ചൂണ്ടിക്കാട്ടാന്‍ ഉദ്ദേശിച്ചിരുന്നത്.

0Shares