
ശബരിമല യുവതീപ്രവേശന വിഷയം ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതീപ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ലെന്ന കാരണത്താൽ യുവതികളെ പോലീസ് അകമ്പടിയോടെ സന്നിധാനത്ത് പ്രവേശിപ്പിക്കാൻ സർക്കാർ ശ്രമിക്കരുത്.
സർക്കാർ ഇനിയെങ്കിലും മുൻ നിലപാട് തിരുത്തണം. ശബരിമലയെ സംഘർഷ ഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങളുണ്ടാവരുത്. അത്തരം നടപടികൾ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശാല ഭരണഘടനാ ബെഞ്ചിന് വിട്ട സ്ഥിതിക്ക് സുപ്രീംകോടതിയുടെ തീരുമാനത്തിനായി എല്ലാവരും കാത്തിരിക്കണമെന്നും ഇന്നത്തെ വിധി സ്വാഗതാർഹമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെന്നിത്തല പറഞ്ഞതിന് സമാനമായി, ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്‍റെ വിധി വരും വരെ സർക്കാർ കാത്തിരിക്കണമെന്നും അതുവരെ യുവതീപ്രവേശനം അനുവദിക്കരുതെന്നും ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും അറിയിച്ചു.
വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി സർക്കാർ വക്രീകരിക്കരുത്. വരുന്ന മണ്ഡലകാലത്ത് യുവതികൾ മലകയറാൻ വന്നാൽ തടയണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
