ശബരിമല വിധിക്കൊപ്പം നിലകൊള്ളേണ്ട സ്ത്രീകള്‍ പോലും അതിന് പിന്നില്‍ അണിനിരന്നില്ല; കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല വിധിക്കൊപ്പം നിലകൊള്ളേണ്ട സ്ത്രീകള്‍ പോലും അതിന് പിന്നില്‍ അണിനിരന്നില്ല; കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു

ശബരിമല സ്ത്രീപ്രവേശനത്തെ കുറിച്ചുള്ള സുപ്രീം കോടതി വിധിയുടെ ഭാഗമായി സ്വീകരിച്ച നിലപാടിന് പിന്നില്‍ സ്ത്രീകളെ പൂര്‍ണ്ണമായി അണിനിരത്താന്‍ കഴിഞ്ഞോ എന്ന് പരിശോധിക്കണമെന്ന നിലപാട് മുന്നോട്ട് വെച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇന്നലെ ഒറ്റപ്പാലത്ത് നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം.

സ്ത്രീക്കും പുരുഷനും ഭരണഘടന അനുശാസിക്കുന്ന തുല്യാവകാശം നടപ്പാക്കാന്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ ഭാഗമായി സ്വീകരിച്ച നിലപാടിനു പിന്നില്‍ സ്ത്രീകളെ പൂര്‍ണമായി അണിനിരത്താന്‍ സാധിച്ചോയെന്ന് പരിശോധിക്കണം. വിധിക്കൊപ്പം നിലകൊള്ളേണ്ട സ്ത്രീകള്‍ പോലും അതിന് പിന്നില്‍ അണിനിരന്നില്ല. തീരുമാനം വഴി ഗുണം ലഭിക്കുന്നവര്‍ തന്നെ വിശ്വാസത്തിന്‍റെയും ആചാരത്തിന്‍റെയും പേരില്‍ സംശയാലുക്കളായി മാറുന്ന അനുഭവം മുന്‍പും ഉണ്ടായിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

സ്ത്രീ-പുരുഷ സമത്വത്തിനായുള്ള പോരാട്ടം നവോത്ഥാന മുദ്രാവാക്യമായി ഇടതുപക്ഷം ഏറ്റെടുക്കും. ഇത്തരം ദൗത്യങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെടാത്തവരില്‍നിന്നു തിരിച്ചടി ഉണ്ടാകും. അതു താല്‍ക്കാലികമാണ്. അവരോട് ശത്രുത മനോഭാവം സ്വീകരിക്കുകയല്ല, ക്ഷമാപൂര്‍വ്വം കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

0Shares