
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് തിരുത്തി ദേവസ്വം ബോര്‍ഡ്. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പുനഃപരിശോധന ഹര്‍ജി നല്‍കുന്നത് ആലോചിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് എ. പത്മകുമാര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്നും എ.പത്മകുമാര്‍ പറഞ്ഞു.
അതേസമയം, ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ദര്‍ശനത്തിന് ഡിജിറ്റല്‍ ബുക്കിംഗ് ഏര്‍പ്പെടുത്തുമെന്നും പമ്പ സന്നിധാനം പാതയില്‍ സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് ഒരുക്കുമെന്നും കൂടുതല്‍ വനിതാ പൊലീസുകാരെ സന്നിധാനത്ത് നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ സ്ത്രീകള്‍ക്കായി പ്രത്യേക ക്യൂ ഏര്‍പ്പാടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.