ശബരിമല യുവതിപ്രവേശനവിധി പുനഃപരിശോധിക്കും: ജനുവരി 22-ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല  യുവതിപ്രവേശനവിധി പുനഃപരിശോധിക്കും: ജനുവരി 22-ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ചരിത്ര വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്. ജനുവരി 22-ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. ‘തുറന്ന കോടതിയില്‍ വാദം കേള്‍ക്കും’ എന്ന, ഒരു പേജില്‍ ഒതുങ്ങുന്ന ഉത്തരവാണ് ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ റോഹിന്‍ടണ്‍ നരിമാന്‍, ഡി.വൈ.ചന്ദ്രചൂഡ്, എ.എന്‍.ഖാന്‍വീല്‍ക്കര്‍, ഇന്ദുമല്‍ഹോത്ര എന്നിവരാണ് ഭരണഘടന ബെഞ്ചിലുണ്ടായിരുന്ന മറ്റ് ജഡ്ജിമാര്‍. 50 പുനഃപരിശോധനാ ഹര്‍ജികളും പരിഗണിച്ചാണ് തീരുമാനമെടുത്തത്. മൂന്ന് മണിക്ക് തന്നെ അഞ്ച് ജഡ്ജിമാരും ചീഫ് ജസ്റ്റിസിന്റെ ചേംബറിലെത്തി ഇരുപത് മിനിറ്റുകൊണ്ട് ഹര്‍ജികളെല്ലാം പരിഗണിച്ചു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് മുറിയിലേക്ക് മടങ്ങി. ഉടനെ തന്നെ രജിസ്ട്രാര്‍ വിധിയില്‍ ഒപ്പുവെപ്പിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ മുറിയിലെത്തി. തുടര്‍ന്ന് ചീഫ് ജസ്റ്റിസിന്റെ ഒപ്പോടെ വിധി സുപ്രീംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. അരമണിക്കൂര്‍ കൊണ്ടാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. ചുരുങ്ങിയ സമയംകൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് തീരുമാനം കൈകൊണ്ടത്.
സെപ്റ്റംബര്‍ 28 നാണ് അന്നത്തെ ചീഫ് ജസ്റ്റിസായ ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് ചരിത്രവിധി പുറപ്പെടുവിച്ചത്. ബഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് അന്ന് ഭൂരിപക്ഷ വിധിക്കെതിരായ വിധി പ്രസ്താവം എഴുതിയത്. തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനുള്ള സുപ്രീംകോടതിയുടെ വിധി അയ്യപ്പന്റെ തുണയാണെന്ന് തന്ത്രി കണ്ടരര് രാജീവര് പ്രതികരിച്ചു. ആചാരാനുഷ്ടാനങ്ങളില്‍ കോടതി വിധി സാരമായി ബാധിക്കുമെന്ന് നേരത്തെ തന്നെ നിലപാട് സ്വീകരിച്ചിരുന്നു.
ഇപ്പോഴുണ്ടായിട്ടുള്ള വിധി സ്വാഗതാര്‍ഹമാണെന്നും ശബരിമലയുടെ സുഗതമായ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0Shares