
ശബരിമലയിൽ യുവതീപ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള ബിന്ദു അമ്മിണിയുടെ ഹർജി സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കും. യുവതികൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കണം, പ്രായപരിശോധന തടയണം, ദർശനം നടത്താൻ ഉദ്ദേശിക്കുന്ന യുവതികൾക്ക് സർക്കാർ സംരക്ഷണം നല്‍കണം എന്നിവയാണ് ബിന്ദു അമ്മിണിയുടെ ഹർജിയിലെ ആവശ്യങ്ങൾ. ശബരിമല ദർശനത്തിന് അനുവദിക്കണം എന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമയും സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

സ്‌ത്രീപ്രവേശന വിധിക്ക് സംസ്ഥാന സർക്കാർ പ്രചാരണം നല്‍കണമെന്നും അപേക്ഷയിലുണ്ട്. തൃപ്തി ദേശായിക്കും സംഘത്തിനുമൊപ്പം ശബരിമലയ്ക്ക് പോകാനായി കഴിഞ്ഞ ചൊവ്വാഴ്‍ച കൊച്ചിയിലെത്തിയ ബിന്ദു അമ്മിണി പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ച് പോയിരുന്നു. ചൊവ്വാഴ്‍ച രാവിലെ എട്ടുമണിയോടെയാണ് സംഘർഷഭരിതമായ സംഭവങ്ങൾ ഉണ്ടായത്.
കമ്മീഷണർ ഓഫീസിലെത്തിയത് ബിന്ദു അമ്മിണി ആണെന്നറിഞ്ഞതോടെ പ്രതിഷേധവുമായി ശബരിമല കർമസമിതി പ്രവർത്തകരും ബി.ജെ.പി നേതാക്കളും ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകരുമെത്തി. തുടർന്ന് വാക്കേറ്റമുണ്ടാവുകയും ബിന്ദു അമ്മിണിയെ തടയുകയും ചെയ്യുകയായിരുന്നു.
