ശബരിമല പ്രക്ഷോഭത്തില്‍ വ്യാപക അറസ്റ്റ്; ഇതുവരെ പിടിയിലായത് 147 പേര്‍

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല പ്രക്ഷോഭത്തില്‍ വ്യാപക അറസ്റ്റ്; ഇതുവരെ പിടിയിലായത് 147 പേര്‍

കൊച്ചി: ശബരിമല യുവതീ പ്രവേശനത്തോട് അനുബന്ധിച്ച് പമ്പയിലും നിലയ്ക്കലും അടക്കം അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ വ്യാപക അറസ്റ്റ്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 147 പേര്‍ ഇതുവരെ അറസ്റ്റിലായി. കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാര്‍, ആങ്ങമൂഴി സ്വദേശികളുമാണ് അറസ്റ്റിലായവര്‍. കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 50 കേസുകളിലാണ് ഇവരെ പിടികൂടിയത്. 150 ഓളം കേസുകളാണ് മറ്റു ജില്ലകളില്‍ അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എറണാകുളം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് അറസ്റ്റുകള്‍ നടന്നത്. എറണാകുളം ജില്ലയില്‍ ഇതുവരെ 75 പേര്‍ അറസ്റ്റിലായി. തൃപ്പൂണിത്തുറ മേഖലയില്‍ മാത്രം 51 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹര്‍ത്താല്‍, വഴി തടയല്‍ എന്നീ സംഭവങ്ങളിലാണ് അറസ്റ്റ്. അതേസമയം ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. സംഘര്‍ഷത്തില്‍ പങ്കെടുത്ത 210 പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഈ ചിത്രങ്ങള്‍ വിവിധ ജില്ലകളിലേക്ക് അയച്ച് നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടവരും, യുവതികളെ കടത്തിവിടുന്നതിനെതിരെ പ്രക്ഷോഭം നടത്തിയവരുമാണ് ലുക്ക് ഔട്ട് നോട്ടീസിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ പൊലീസ് വാഹനങ്ങള്‍ എന്നിവ തല്ലിതകര്‍ത്തതിലും ഇവര്‍ പ്രതികളാണ്. പേരോ മേല്‍വിലാസമോ സംബന്ധിച്ച വിവരം ലഭിക്കാത്തതിനാല്‍ ഇവരെ കണ്ടാല്‍ അറിയുന്നവര്‍ പത്തനംതിട്ട പൊലീസിനെ അറിയിക്കണമെന്ന നിര്‍ദേശത്തോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ആല്‍ബം അയച്ച് നല്‍കി. ഇവരെ കണ്ടെത്താന്‍ പ്രത്യേകസംഘത്തെ നിയോഗിക്കാനും ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്. കലാപത്തിന് ശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങി ജാമ്യമില്ലാത്ത കുറ്റമാണ് എല്ലാവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്.

0Shares