ശബരിമല നട വരവ് കുറഞ്ഞുതുടങ്ങി; നട തുറന്ന് ആദ്യ ആറ് ദിവസം ലഭിച്ചത് വെറും 8.48 കോടി രൂപ മാത്രം

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല നട വരവ് കുറഞ്ഞുതുടങ്ങി; നട തുറന്ന് ആദ്യ ആറ് ദിവസം ലഭിച്ചത് വെറും 8.48 കോടി രൂപ മാത്രം

പത്തനം തിട്ട: ശബരിമല സംഘര്‍ഷത്തേയും നിരോധനാജ്ഞയേയും തുടര്‍ന്ന് ഇത്തവണ ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്. ഇത്തവണ ആറ് മാസം കൊണ്ട് ലഭിച്ചത് വെറും എട്ട് കോടി 48 ലക്ഷം രൂപ. അതേസമയം കഴിഞ്ഞ വര്‍ഷം ആറ് മാസം കൊണ്ട് ലഭിച്ചത് 22.82 കോടി രൂപയാണെന്ന് ദേവസ്വം ബോര്‍ഡ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. നട തുറന്ന് ഒരാഴ്ചയായിട്ടും ഭക്തരുടെ ഒഴുക്ക് കാര്യമായി ശബരിമലയിലേക്കില്ല.ഭക്തരുടെ കുറവ് അരവണ വില്‍പ്പനയേയും സാരമായി ബാധിച്ചിട്ടുണ്ട്. ഇത്തവണ അരവണ വിതരണം വഴി ലഭിച്ചത് വെറും മൂന്ന് കോടി രൂപമാത്രമാണെന്നാണ് കണക്ക്. കാണിക്കയിനത്തിലുള്ള വരുമാനത്തിലും വന്‍ ഇടിവാണ് ഉണ്ടായത്. അന്നദാനത്തിനും അല്ലാതെയും ലഭിക്കുന്ന സംഭാവനകളിലും കുറവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം സംഘര്‍ഷാവസ്ഥയില്‍ അയവ് വന്നതോടെ കഴിഞ്ഞ ദിവസം ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവ് വരുന്നുണ്ട്. വരും ദിവസങ്ങളിലും ഭക്തര്‍ ധാരാളമായി എത്തുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ് കണക്കാക്കുന്നത്. ഇതോടെ വരുമാനം വര്‍ധിക്കുമെന്നും ദേവസ്വം ബോര്‍ഡ് കണക്കാക്കുന്നു. അതേസമയം നടവരവ് കുറയ്ക്കാന്‍ ബി.ജെ.പിയും സംഘപരിവാറും ശ്രമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. ദേവസ്വം ബോര്‍ഡിന് പ്രതിസന്ധിയുണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കും. യുവതീ പ്രവേശനം രണ്ടു ദിവസത്തേക്ക് നിജപ്പെടുത്താനുള്ള പ്രൊപ്പോസല്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. കോടതി തീരുമാനം എന്തായാലും അനുസരിക്കും. തന്ത്രിയും മുഖ്യമന്ത്രിയുമായി ഇതു സംബന്ധിച്ച് പിന്നീട് ആശയ വിനിമയം നടത്തിയതായി അറിയില്ലെന്നും കടകംപള്ളി പറഞ്ഞു. അതേസമയം നടവരവ് കുറഞ്ഞതില്‍ ആശങ്കയില്ലെന്ന് കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ക്ഷേത്ര വരുമാനം ചെലവാക്കുന്നത് ഹൈന്ദവര്‍ക്ക് വേണ്ടി തന്നെയാണ്. സര്‍ക്കാര്‍ എക്കാലവും ബോര്‍ഡിനെ സഹായിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

0Shares