ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം യേശുദാസ് പിഴവുകൾ തീർത്ത് വീണ്ടും ആലപിക്കും; തീരുമാനം എടുത്തത് ഹരിവരാസനം ട്രസ്റ്റ്

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം യേശുദാസ് പിഴവുകൾ തീർത്ത് വീണ്ടും ആലപിക്കും; തീരുമാനം എടുത്തത് ഹരിവരാസനം ട്രസ്റ്റ്

 
പത്തനംതിട്ട: ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനത്തില്‍ വന്ന ചെറിയ പിശക് അടുത്തിടെ വാര്‍ത്തയായിരുന്നു. ഗാനം ആലപിച്ച യേശുദാസ് തന്നെ തനിക്ക് തെറ്റ് പറ്റി എന്ന കാര്യം ശരിവെക്കുകയും ചെയ്തിരുന്നു. 1923ൽ ശാസ്താംകോട്ട കോന്നകത്ത് ജാനകി അമ്മ അഷ്‌ടക രൂപത്തിൽ രചിച്ച കീർത്തനമാണ് ഹരിവരാസനം. ഇതിൽ ഓരോ വരിയിലും സ്വാമി എന്ന വാക്ക് ആവർത്തിച്ചിരുന്നു.
 
1975ൽ മെറിലാൻഡ് സുബ്രഹ്മണ്യം നിർമ്മിച്ച് ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത സ്വാമി അയ്യപ്പൻ എന്ന സിനിമയ്‌ക്കുവേണ്ടി കീർത്തനം ജി.ദേവരാജൻ ചിട്ടപ്പെടുത്തി. ആലാപനം അനായാസമാക്കാൻ സംഗീത സംവിധായകന്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് ദേവരാജൻ മാഷ് ഓരോ വരിയിലെയും \’സ്വാമി\’ വേണ്ടെന്നുവച്ചു. കൂടാതെ രണ്ട് വാക്കുകൾ ചേർത്തപ്പോൾ അ‌‌ർത്ഥത്തിലും ഒരു പിഴ വന്നുകൂടി.
 
അരി ( ശത്രു ), വിമർദ്ദനം (നിഗ്രഹം ) എന്നീ പദങ്ങൾ പിരിച്ച് ഉച്ചരിക്കേണ്ടതിനു പകരം \’അരിവിമർദ്ദനം\’ എന്ന് ചേർത്താണ് പാടിയത്. യേശുദാസിന്റെ വിശ്വമോഹനമായ ശബ്ദത്തിൽ ഇന്നും നമ്മൾ കേൾക്കുന്ന ഹരിവരാസനത്തിൽ ഈ തെറ്റുണ്ട്. ഇതാണ് ഇപ്പോൾ തിരുത്തുന്നത്. \’ഹരിവരാസനത്തിൽ അരിവിമർദ്ദനം എന്നല്ല. അരി, വിമർദ്ദനം എന്നു പിരിച്ചാണ് പാടേണ്ടത്. അയ്യപ്പന്റെ നിയോഗത്താൽ ഹരിവരാസനം വീണ്ടും പാടാൻ അവസരം ലഭിച്ചാൽ തിരുത്താൻ പോകുന്നത് ഈ വാക്കാണ്.\’ യേശുദാസ് തന്നെ അടുത്തിടെ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു.
 
ഇപ്പോൾ അമേരിക്കയിലുള്ള യേശുദാസ് ഈ മാസം 30 ന് കേരളത്തിലെത്തുമ്പോൾ ഹരിവരാസനം വീണ്ടും ആലപിച്ച് റെക്കാഡ് ചെയ്യുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. പാട്ടിലെ തെറ്റ് തിരുത്തുന്നതിനെപ്പറ്റി തന്റെ അമ്മയുടെ അപ്പച്ചി കൂടിയായ ജാനകി അമ്മയുടെ കുടുംബാംഗങ്ങളും ഹരിവരാസനം ട്രസ്റ്റും യേശുദാസിനോട് ആലോചിച്ചിരുന്നു. അദ്ദേഹം പൂർണ്ണമനസ്സോടെ സമ്മതിച്ചെന്നും പത്മകുമാർ പറഞ്ഞു. 
0Shares