ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതി പ്രവേശം അനുവദിക്കാത്തതിനെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. തുലാമാസ പൂജയ്ക്ക് വേണ്ടി നട തുറന്ന വേളയില്‍ 12 യുവതികളാണ് ശബരിമല ദര്‍ശനത്തിന് എത്തിയത്. എന്നാല്‍ ആര്‍ക്കും ദര്‍ശനം നടത്താന്‍ സാധിച്ചില്ല. ബി.ജെ.പി ഉള്‍പ്പെടെയുള്ളവരുടെ കടുത്ത പ്രതിഷേധമാണ് ദര്‍ശനത്തിന് തടസമായത്. സുപ്രീംകോടതി വിധിയുണ്ടായിട്ടും തടഞ്ഞത് കോടതി അലക്ഷ്യമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. എസ്.എഫ്.ഐ മുന്‍ നേതാവ് ഡോ.ഗീനാകുമാരി, അഭിഭാഷകയായ എ.വി.ബര്‍സ എന്നിവരാണ് ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന് അറ്റോര്‍ണി ജനറലിന്റെ അനുമതി തേടിയിരിക്കുന്നത്.
സുപ്രീംകോടതിക്കെതിരേ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്ശ്രീധരന്‍ പിള്ള,കൊല്ലം തുളസി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി.മുരളീധരന്‍ എന്നിവര്‍ക്കെതിരേ നടപടി വേണമെന്നാണ് എ.വി.ബര്‍സ നല്‍കിയിരിക്കുന്ന ഹര്‍ജിയിലെ ആവശ്യം. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര്, പി.രാമവര്‍മ്മ രാജ എന്നിവര്‍ക്കെതിരെയാണ് രണ്ടാമത്തെ ഹര്‍ജി. 1975 ലെ കോടതിയലക്ഷ്യച്ചട്ടം 3 സി പ്രകാരം കോടതിയലക്ഷ്യ ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതിന് അറ്റോര്‍ണി ജനറലിന്റെ അനുമതി ആവശ്യമാണ്.