ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം; കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം; കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം സംബന്ധിച്ച കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് ഭരണഘടനാ ബെഞ്ചിന് വിട്ട് ഉത്തരവിട്ടു. ശബരിമല പ്രവേശനം സ്ത്രീകള്‍ക്ക് വിലക്കുന്നത് പൗരസ്വാതന്ത്രത്തിന്റെ ലംഘനമാണോ, ആരാധനാ സ്വാതന്ത്രത്തിന് എതിരാണോ, ആര്‍ത്തവ സമയത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് സാധുതയുണ്ടോ എന്നീ കാര്യങ്ങളും ബെഞ്ച് പരിശോധിക്കും. സര്‍ക്കാരുകള്‍ മാറുമ്പോള്‍ നിലപാടുകളില്‍ മാറ്റംവരുത്താന്‍ കഴിയുമോ എന്നകാര്യവും കോടതി പരിഗണിച്ചേക്കും. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പ്രധാന ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ക്ഷേത്രസംരക്ഷണ സമിതി ഉള്‍പെടെയുള്ളവര്‍ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്.

പ്രവേശനത്തെ അനുകൂലിച്ച് 2007 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഈ സത്യവാങ്മൂലം പരിഗണിക്കരുതെന്നും സന്നിധാനത്ത് കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാനാകില്ല എന്നും വ്യക്തമാക്കി മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 2007 ലെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും, സന്നിധാനത്ത് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിക്കണമെന്നും കോടതിയെ അറിയിച്ചു. ഭരണഘടനാ ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ സമര്‍പ്പിക്കണമെന്ന് മുഴുവന്‍ കക്ഷികള്‍ക്കും ഫെബ്രുവരിയില്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.

0Shares