ശബരിമല: ശബരിമലയില്‍ രണ്ടു സ്ത്രീകള്‍ പോലീസ് അകമ്പടിയോടെ ദര്‍ശനം നടത്തി. നേരത്തെ ശബരിമലയില്‍ പ്രവേശിക്കാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും. പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നടതുറക്കുന്നത്. ഇരുവരും മൂന്നേ മുക്കാലോടെ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു.
തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു. ഭക്തന്മാരില്‍ നിന്ന് യാതൊരു പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. രാത്രി 12 മണിയോടെയാണ് യുവതികള്‍ സുരക്ഷ തേടി പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചത്. പൊലീസ് സുരക്ഷ നല്‍കിയില്ലെങ്കിലും മല ചവിട്ടുമെന്നും യുവതികള്‍ അറിയിച്ചു. തുടര്‍ന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് യുവതികള്‍ മല ചവിട്ടാനാരംഭിച്ചത്. പതിനെട്ടാംപടിക്ക് സമീപത്തെ സ്റ്റാഫ് ഓണ്‍ലി വഴിയിലൂടെയാണ് യുവതികള്‍ സന്നിധാനത്തെത്തിയത്. സന്നിധാനത്തെ പൊലീസുകാരെ അറിയിച്ചാല്‍ വിവരം ചോരുമെന്ന ഭയത്താലാണ് വിവരം അറിയിക്കാതിരുന്നത്. സന്നിധാനത്തിന് പുറത്തുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് ഇവരെ അനുഗമിച്ചതെന്നും വിലയിരുത്തലുകളുണ്ട്. അതേസമയം ഫോട്ടോഗ്രാഫിയും വീഡിയോയും എടുക്കുന്നതിന് വിലക്കുള്ള സന്നിധാനത്ത് ഇവര്‍ ഫോട്ടോയും വീഡിയോയും എടുത്തിരുന്നു. ഇവര്‍ കുറെ സമയം സന്നിധാനത്തിന് പരിസരത്ത് ചെലവഴിച്ചെന്നാണ് ദൃശ്യങ്ങള്‍ വെളിവാക്കുന്നത്.
സന്നിധാനത്ത് ദര്‍ശനത്തിനെത്തിയതിന്റെയും വരുന്നതിന്റെയുമെല്ലാം ചിത്രങ്ങളും ദൃശ്യങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. പൊലീസിന്റെ അനുവാദമില്ലാതെ സന്നിധാനത്ത് ചിത്രീകരിക്കാന്‍ കഴിയില്ല എന്ന കാര്യം വ്യക്തമാകുന്നത്. അതേസമയം സന്നിധാനത്തെ പൊലീസ് സംവിധാനത്തെ അറിയിക്കാതെയാണ് യുവതികളെ ദര്‍ശനത്തിനെത്തിച്ചത്. യുവതികള്‍ എത്തിയത് തങ്ങള്‍ അറിഞ്ഞില്ലെന്ന് സന്നിധാനത്തിന്റെ സുരക്ഷ ചുമതലയുണ്ടായിരുന്ന എസ്.പി സുജിത് ദാസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും അറിയിച്ചു. അതേസമയം യുവതികള്‍ ദര്‍ശനം നടത്തിയതായി ഐ.ജിയും മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും അറിയിച്ചിട്ടുണ്ട്. തലശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പ്രൊഫസറാണ് ബിന്ദു, സപ്ലൈകോ സെയില്‍സ് അസിസ്റ്റന്റ് മാനേജറാണ് കനകദുര്‍ഗ്ഗ.
