ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന കേസില്‍ വെള്ളിയാഴ്ച വിധി വരും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, റോഹിങ്ടണ്‍ നരിമാന്‍ എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന 1965 ലെ കേരള ഹിന്ദു ആരാധാനലായ പ്രവേശന ചട്ടത്തിലെ മൂന്ന് ബി വകുപ്പ് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിരുന്നു.
ഈ വകുപ്പ് അടിസ്ഥാനമാക്കിയാണ് കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും ആര്‍ത്തവ സമയത്തെ സ്ത്രി പ്രവേശന വിലക്ക്. പത്തിനും അന്‍പതിനിടുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഏര്‍പെടുത്തിയ പ്രവേശന വിലക്ക് ഭരണഘടന നല്‍കുന്ന ആരാധന സ്വാതന്ത്രത്തിന്റെ ലംഘനമാണോ എന്നാണ് കോടതി പരിശോധിച്ചത്. നിയന്ത്രണം ലിംഗ വിവേചനവും തൊട്ടുകൂടായ്മയും ആണെന്ന വാദമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചത്.
ശബരിമലയില്‍ എല്ലാ സ്ത്രീകളും പ്രവേശിക്കാമോ? ഹര്‍ജിയിലെ സുപ്രീംകോടതി വിധി നാളെ