
പമ്പ: ഞായറാഴ്ച രാവിലെ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ രണ്ട് സ്ത്രീകളെ പ്രതിഷേധക്കാര്‍ തടഞ്ഞു. ആന്ധ്രാ സ്വദേശികളായ വാസന്തിയും മറ്റൊരു സ്ത്രീയുമാണ് ദര്‍ശനത്തിന് എത്തിയത്. ഭക്തര്‍ ഇവരെ ചെളിക്കുഴിക്കു സമീപം തടയുകയും തിരിച്ചയക്കുകയുമായിരുന്നു. മുതിര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തോടൊപ്പമാണ് ഇവരെത്തിയത്. പ്രായത്തെ കുറിച്ച് സംശയം തോന്നിയതിനെ തുടര്‍ന്ന് ഭക്തര്‍ ഇവരോട് ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. ഇത് പരിശോധിച്ചതോടെ അമ്പതുവയസില്‍ താഴെയാണെന്ന് മനസിലാക്കുകയും തിരിച്ചയക്കുകയുമായിരുന്നു.
യുവതികളുടെ പ്രവേശനത്തിന് എതിരെ ഭക്തര്‍ വഴിയില്‍ കിടന്നും ശരണം വിളിച്ചും പ്രതിഷേധിച്ചു. തുടര്‍ന്ന് പോലീസ് എത്തി യുവതികളെ പമ്പാ ഗാര്‍ഡ് റൂമിലേക്കു മാറ്റി. തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് 45 വയസ് മാത്രമെയുള്ളൂവെന്ന് കണ്ടെത്തി. തുടര്‍ന്ന് അവരോട് മടങ്ങിപ്പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തങ്ങള്‍ക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നെന്ന് സ്ത്രീകള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് അവര്‍ മടങ്ങിപ്പോയി.