ശബരിമല: ശബരിമല സന്നിധാനത്തെ പുതിയ സ്വര്‍ണക്കൊടിമരത്തിനു കേടുപാടു വരുത്തിയതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. പമ്പ കെ.എസ്.ആര്‍.ടി.സി പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി സംഭവസ്ഥലത്തെ സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, മൂന്നുപേര്‍ സംശയാസ്പദമായ രീതിയില്‍ കൊടിമരത്തിലേക്ക് എന്തോ ഒഴിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. പ്രതിഷ്ഠ നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് സ്വര്‍ണക്കൊടിമരത്തിനു കേടുവരുത്തിയതായി കണ്ടെത്തിയത്. കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലാണ് രാസവസ്തു ഒഴിച്ച് കേടുവരുത്തിയതായി കണ്ടെത്തിയത്.