ന്യൂഡല്‍ഹി: സംസ്ഥാനത്തുണ്ടായത് കഴിഞ്ഞ ശതാബ്ദത്തില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രളയമാണെന്ന് നാസ. കഴിഞ്ഞ ആഴ്ചയില്‍ ഇന്ത്യയില്‍ പെയ്ത മഴയുടെ കണക്കുകള്‍ പഠിച്ചാണ് നാസയുടെ നിഗമനം. ഇതു സംബന്ധിച്ച ഉപഗ്രഹ വീഡിയോ ദൃശ്യങ്ങളും നാസ പുറത്തുവിട്ടിട്ടുണ്ട്. ജൂലൈ 19 മുതല്‍ ഓഗസ്റ്റ് 20 വരെ പെയ്ത മഴയുടെ തോത് വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമ ഘട്ടത്തിലെ മേഘപടലങ്ങള്‍ പ്രളയത്തിനിടവരുത്തിയതായി നാസ പറയുന്നു.
കേരളത്തിലെയും കര്‍ണാടകത്തിലെയും പ്രളയദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതാണ് ഉപഗ്രഹങ്ങള്‍ പകര്‍ത്തിയ വീഡിയോ. നാസയുടെ തന്നെ ഗ്ലോബല്‍ പ്രസിപ്പിറ്റെഷന്‍ മെഷര്‍മെന്റ് മിഷന്‍ കോര്‍ സാറ്റലൈറ്റ് ആയ ജി.പി.എം പകര്‍ത്തിയ സാറ്റലൈറ്റ് ചിത്രങ്ങളാണു പുറത്തുവിട്ടത്. ജൂണ്‍ മാസം തുടക്കം മുതല്‍ തന്നെ സാധാരണയില്‍നിന്നു 42 ശതമാനം കൂടുതല്‍ മഴ പെയ്തതായും ഓഗസ്റ്റ് മാസം ആദ്യ 20 ദിവസങ്ങളില്‍ സാധാരണയില്‍നിന്നു 164 ശതമാനം വര്‍ധിച്ച മഴ പെയ്തതതായും നാസയുടെ എര്‍ത്ത് ഒബ്സര്‍വേറ്ററി രേഖപ്പെടുത്തുന്നു.