റിയാദ് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സൗദി അറേബ്യയിൽ ഊഷ്മള സ്വീകരണം. അമേരിക്കൻ പ്രസിഡന്റായി സൗദിയിൽ എത്തിയ ട്രംപിനെ സ്വീകരിച്ചിരിക്കുന്നത് രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ ഓർഡർ ഓഫ് കിങ് അബ്ദുൽ അസീസ് അൽ സൗദ് നൽകിയിട്ടാണ്. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയാണിത്. മുസ്ലീങ്ങളെ നിരന്തരം അധിക്ഷേപിക്കുകയും ചില മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുകയും ചെയ്ത് ഇസ്ലാം വിരുദ്ധതയുടെ പ്രതീകമായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സൗദി സ്വീകരിച്ച രീതിയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. സായിപ്പിനെ കണ്ടപ്പോൾ സൗദി രാജാവും പരിസരം മറന്നമട്ടാണ്. ശതകോടികളുടെ ബിസിനസ് ഉറപ്പിക്കാനുള്ള സൗദിയുടെ തന്ത്രമായും ഇതിനെ വിലയിരുത്തുന്നവരുമുണ്ട്. ഒമ്പത് ദിവസത്തെ സന്ദർശനത്തിൽ ട്രംപ് മിഡിൽ ഈസ്റ്റിന് പുറമെ യൂറോപ്യൻ രാജ്യങ്ങളും സന്ദർശിക്കുന്നുണ്ട്.
അന്താരാഷ്ട്രതലത്തിൽ സമാധാനവും സുരക്ഷയും ശക്തമാക്കാനും സ്ഥിരതയുണ്ടാക്കാനും അമേരിക്കൻ പ്രസിഡന്റിന്റെ ഈ നയതന്ത്ര ദൗത്യം വഴിയൊരുക്കുമെന്നാണ് സൗദിയിലെ സൽമാൻ രാജാവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭാര്യ മെലാനിയ, മകൾ ഇവാൻക, ട്രംപ് സർക്കാരിന്റെ മുഖ്യ ഉപദേശകനും ഇവാൻകയുടെ ഭർത്താവുമായ ജറെദ് കുഷ്‌നർ, വിവിധ വ്യവസായ സ്ഥാപനങ്ങളുടെ തലവന്മാർ തുടങ്ങിയവരടങ്ങിയവരും ട്രംപിന്റെ ഉന്നതതല സംഘത്തിലുണ്ടായിരുന്നു. റിയാദ് വിമാനത്താവളത്തിൽ ട്രംപ് എത്തിയപ്പോൾ അവരെ സ്വീകരിക്കാൻ സൗദി രാജാവ് നേരിട്ടെത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റിന് രാജകീയമായ സ്വീകരണം നൽകാൻ അപ്പോൾ സൈനിക ബാൻഡ് അണിനിരന്നിരുന്നു. ആദരസൂചകമായി പീരങ്കി വെടികൾ മുഴക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ ട്രംപിന്റെ വരവ് ഉത്സവമാക്കാൻ സൗദി വർണം വാരിവിതറിക്കൊണ്ടുള്ള ഏഴ് വിമാനങ്ങൾ പറത്തുകയും ചെയ്തിരുന്നു. വിമാനത്താവളത്തിലെ അതിവിശിഷ്ട മേഖലയിൽ വച്ച് സൽമാൻ രാജാവും ട്രംപും സൗദിയുടെ പരമ്പരാഗത കാപ്പി കുടിക്കുകയും കുശലം പങ്കിടുകയും ചെയ്തു.

‘ഒന്നിക്കാം ജയിക്കാം’ എന്ന സന്ദേശമുയർത്തി ട്രംപും മുസ്ലിം ലോകത്തെ നേതാക്കളും ഭാഗഭാക്കാകുന്ന ചരിത്രപ്രാധാന്യമുള്ള നിർണായക ഉച്ചകോടികൾ ഇന്ന് അരങ്ങേറും. സൗദി അറേബ്യ – യു.എസ്, ഗൾഫ് സഹകരണ കൗൺസിൽ – യു.എസ്, അറബ് ഇസ്ലാമിക് – അമേരിക്ക എന്നീ തലക്കെട്ടുകളിലാണ് ഇന്ന് ഇതോടനുബന്ധിച്ച് മൂന്ന് കോൺഫറൻസുകൾ നടക്കുന്നത്. 37 മുസ്ലിം രാജ്യങ്ങളുടെ തലവന്മാരും ആറ് പ്രധാനമന്ത്രിമാരും ഈ ഉച്ചകോടിയിൽ ഭാഗഭാക്കാകും എന്നാണ് റിപ്പോർട്ട്. ട്രംപിന്റെ സന്ദർശനത്തിന്റെ ഭാഗമായി 11,000 കോടി ഡോളറിന്റെ ആയുധക്കരാർ, 20,000 കോടി ഡോളറിന്റെ വ്യവസായ,വാണിജ്യ കരാർ അടക്കമുള്ള കരാറുകളിൽ സൗദിയും അമേരിക്കയും ഒപ്പ് വച്ചിട്ടുണ്ടെന്നാണ് സൗദി എനർജി മിനിസ്റ്ററായ ഖാലിദ് അൽ ഫലീഹ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ 10 വർഷത്തേക്കുള്ള 35,000 കോടി ഡോളറിന്റെ മറ്റൊരു കരാറിലും ഇരു കക്ഷികളും ഒപ്പ് വച്ചിട്ടുണ്ട്. ഇതിന് പുറമെ വിവരസാങ്കേതിക, അടിസ്ഥാന സൗകര്യ വികസനം, ഉൽപാദനം, വൈദ്യുതി തുടങ്ങിയ മേഖലകളിലെ നിരവധി കരാറുകളിലും ധാരണയായിട്ടുണ്ട്.
