
ശബരിമലയിലെ യുവതീപ്രവേശനം ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന് സി.പി.എം. വനിതാ മതിലിനുശേഷം ശബരിമലയിൽ രണ്ടു യുവതികൾ കയറിയത് യു.ഡി.എഫും ബി.ജെ.പിയും ഉപയോഗപ്പെടുത്തി. ഇത് അനുഭാവികൾക്കിടയിൽ വലിയ ആഘാതം സൃഷ്ടിച്ചുവെന്നും സി.പി.എം വിലയിരുത്തി. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ.
ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടത് ഗൗരവകരമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു . ഇത്യു ഗൌരവതരമാണ് .യു.ഡി.എഫിന് ബി.ജെ.പി വോട്ട് മറിച്ചു. എന്നിട്ടും ബി.ജെ.പിയുടെ വോട്ട് ശതമാനം കൂടിയതും ആശങ്കപ്പെടുത്തുന്നു. കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ രൂപീകരിക്കുന്നതിന് ഇടതുപക്ഷ സാന്നിധ്യം ശക്തിപ്പെടുത്തണമെന്ന മുദ്രാവാക്യത്തിന് വിശ്വാസം നേടാൻ കഴിഞ്ഞില്ലെന്നും സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലുണ്ട്.

ബി.ജെ.പി കേന്ദ്രത്തിൽ വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന ഭയം മതനിരപേക്ഷ മനസ്സുകളിൽ യു.ഡി.എഫിന് അനുകൂലമായി ചുവടുമാറ്റത്തിന് ഇടയാക്കിയെന്നും റിപ്പോർട്ടിലുണ്ട്. കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് ഞായർ, തിങ്കൾ ദിവസങ്ങളിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം ചർച്ചക്ക് ശേഷം അംഗീകരിച്ചു. ജനങ്ങളെ തിരിച്ചുപിടിക്കാൻ ശക്തമായ രാഷ്ട്രീയ ഇടപെടലിന് ആഹ്വാനം ചെയ്യുന്ന റിപ്പോർട്ട് ജനങ്ങൾ അകന്നതും പരമ്പരാഗത വോട്ടിൽ ഒരുഭാഗത്തിന്റെ വിട്ടുപോകലും മനസ്സിലാക്കാൻ ആഴത്തിലുള്ള അവലോകനം ആവശ്യമാണെന്നും വിലയിരുത്തുന്നു.
തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ നിന്ന് മുന്നേറുന്നതിന് വർധിത ഊർജത്തോടെയും നിശ്ചയദാർഢ്യത്തോടെയും ദൗർബല്യം മറികടക്കുമെന്ന് സി.പി.എം റിപ്പോർട്ടിൽ വ്യക്തമാക്കി.
