വർഗീയ താൽപര്യം മുതൽ കോർപറേറ്റ‌് താൽപര്യം വരെ നിർവഹിച്ചുകൊടുക്കാനുള്ള വ്യഗ്രതപ്പെടലുകൾ; ഇന്ത്യൻ മാധ്യമപ്രവർത്തനം മുമ്പില്ലാത്തവിധം ജീർണതയിൽ; മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing വർഗീയ താൽപര്യം മുതൽ കോർപറേറ്റ‌് താൽപര്യം വരെ നിർവഹിച്ചുകൊടുക്കാനുള്ള വ്യഗ്രതപ്പെടലുകൾ; ഇന്ത്യൻ മാധ്യമപ്രവർത്തനം മുമ്പില്ലാത്തവിധം ജീർണതയിൽ; മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു

രാജ്യത്തെ മാധ്യമ പ്രവർത്തനരംഗത്തെ വിലയിരുത്തി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ മാധ്യമപ്രവർത്തനം മുമ്പില്ലാത്തവിധം ജീർണിച്ചെന്ന് അദ്ദേഹം പറഞ്ഞു. അധികാര സംവിധാനത്തിന‌് ആവശ്യമായത് ചെയ്തുകൊടുക്കാനുള്ള ഉപാധിയായി ഒരു വിഭാ​ഗം മാധ്യമപ്രവർത്തനത്തെ തരംതാഴ‌്ത്തി. ഇതിൽ സ്വമേധയായുള്ള വിധേയപ്പെടലുണ്ട‌്, ഭീതികൊണ്ടുള്ള വഴങ്ങിക്കൊടുക്കലുണ്ട‌്, വർഗീയ താൽപ്പര്യം മുതൽ കോർപറേറ്റ‌് താൽപ്പര്യംവരെ നിർവഹിച്ചുകൊടുക്കാനുള്ള വ്യഗ്രതപ്പെടലുണ്ട‌്. പിണറായി വിജയൻ പറയുന്നു.

സ്വദേശാഭിമാനി കേസരി പുരസ‌്കാരവും സംസ്ഥാന മാധ്യമ, ഫോട്ടോഗ്രഫി പുരസ‌്കാരങ്ങളും വിതരണം ചെയ‌്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപപരമായുണ്ടായ പുരോഗതി മാധ്യമരം​ഗത്ത് ഉള്ളടക്കം വരുമ്പോഴുള്ള കാര്യത്തിലുണ്ടായോ എന്ന‌് പരിശോധിക്കണം. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാന കാലത്ത‌് സാമൂഹ്യവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു പത്രപ്രവർത്തനം.

എന്നാൽ ഇന്ന‌് സാമൂഹ്യസേവനം എന്നതിനെ കച്ചവട താൽപ്പര്യംകൊണ്ട‌് പകരംവയ‌്ക്കുന്ന സ്ഥിതി വന്നു. സ്വദേശാഭിമാനിയുടെയും കേസരിയുടെയും കാലഘട്ടത്തിൽ നിന്നും മാധ്യമപ്രവർത്തനം ഇപ്പോള്‍ എവിടെയെത്തിയെന്ന് ആലോചിക്കേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം പറഞ്ഞു.

സ്വദേശാഭിമാനി കേസരി പുരസ‌്കാരം പ്രമുഖ മാധ്യമപ്രവർത്തകൻ ടി. ജെ. എസ‌്. ജോർജും ഫോട്ടോഗ്രഫിയിൽ സമഗ്ര സംഭാവനയ‌്ക്കുള്ള പുരസ‌്കാരം പി. ഡേവിഡും ഏറ്റുവാങ്ങി. മറ്റ‌് മാധ്യമ–- ഫോട്ടോഗ്രഫി പുരസ‌്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ‌്തു.

0Shares