സൗദി: വ്യാജ എന്‍ജിനീയര്‍മാര്‍ പെരുകുന്നതിനാല്‍ എന്‍ജിനീയര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ഉദ്യോഗസ്ഥരും സൗദി എന്‍ജിനീയറിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി മന്ത്രി സഭാ യോഗം നിര്‍ദേശിച്ചു. സൗദിയിലെ വിദേശികള്‍ക്ക് മാത്രം ബാധകമായിരുന്ന നിയമം ഇപ്പോള്‍ സ്വദേശികള്‍ക്കും നിര്‍ബന്ധമാക്കി. സൗദി എന്‍ജിനീയറിംങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദേശികളായ എന്‍ജിനീയര്‍മാര്‍ക്ക് സൗദിയിലെ താമസാനുമതി രേഖയായ ഇഖാമ പുതുക്കി നല്‍കില്ലെന്നും അറിയിച്ചു.

സ്വദേശി എന്‍ജിനീയര്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള സമയ പരിധി ആറുമാസം വരെയാക്കി നീട്ടിയിട്ടുണ്ട്. നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ സ്വദേശികള്‍ നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. കഴിഞ്ഞ വര്‍ഷം സൗദിയില്‍ 2000 വ്യാജ എന്‍ജിനീയര്‍ ബിരുദമുള്ളവരെ പിടികൂടിയിട്ടുണ്ട്. ഇതില്‍ 23 പേര്‍ ഇന്ത്യക്കാരാണ്. പിടികൂടിയവരെ പിന്നീട് നാടുകടത്തുകയും ചെയ്തിരുന്നു. രജിസ്‌ട്രേഷന്‍ നിബന്ധന കര്‍ശനമാക്കിയതോടെ കോഴ്‌സ് പൂര്‍ത്തിയാക്കാത്ത വിദേശ രാജ്യങ്ങളില്‍ പഠിച്ച നിരവധി സ്വദേശികള്‍ക്കും തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
