വ്യക്തിശുചിത്വശീലം വളര്‍ത്താന്‍ ലക്ഷ്യമിട്ട് ഗുജ്‌റാത്ത് സ്‌കൂളുകളില്‍ സൗജന്യ മുടിവെട്ട്

  • Post category:news
  • Reading time:1 min read
You are currently viewing വ്യക്തിശുചിത്വശീലം വളര്‍ത്താന്‍ ലക്ഷ്യമിട്ട് ഗുജ്‌റാത്ത് സ്‌കൂളുകളില്‍ സൗജന്യ മുടിവെട്ട്

അഹമ്മദാബാദ്: അഹമ്മദാബാദ് മുനിസിപ്പല്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഇനി മുടിവെട്ട് സൗജന്യം. ശുചിത്വപദ്ധതിയായ ‘ഏക് കദം സ്വച്ഛതാ കി ഓറി’ ല്‍ ഉള്‍പ്പെടുത്തി കുട്ടികളില്‍ വ്യക്തിശുചിത്വശീലം വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്ന് എ.എം.സി.സ്‌കൂള്‍ ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എല്‍.ഡി. ദേശായി പറഞ്ഞു. മാസത്തിലൊരിക്കലാണ് സൗജന്യ മുടിവെട്ട് പദ്ധതി നടപ്പിലാക്കുന്നത് . 380 സ്‌കൂളുകളിലായി പ്രൈമറി ക്ലാസുകളിലെ 1.25 ലക്ഷം കുട്ടികളെ പദ്ധതിക്കുകീഴില്‍ കൊണ്ടുവരാനാണ് പദ്ധതി. ജൂലായ് അവസാനത്തോടെ പദ്ധതിക്ക് തുടക്കമാകും.

പദ്ധതി നടപ്പാക്കുന്നതിന്ന് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ഏയ്‌സ്‌തെറ്റിക്‌സ് ആന്‍ഡ് സ്പാ (ഐ.എസ്.എ.എസ്.) എന്ന സന്നദ്ധസംഘടനയുമായി ഇതുസംബന്ധിച്ച് കരാര്‍ ഒപ്പിട്ടു. കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അനുമതി വാങ്ങിയശേഷമാണ് മുടിവെട്ടുക. ഇതുവരെ 50 ശതമാനം കുട്ടികള്‍ അനുമതി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. എ.എം.സി. സ്‌കൂളുകളിലെ ഭൂരിഭാഗം കുട്ടികളും ചേരിപ്രദേശങ്ങളില്‍നിന്ന് എത്തുന്നവരാണ്. ഇവരില്‍ ഭൂരിഭാഗവും പലകാരണങ്ങളാല്‍ കൃത്യമായി മുടിമുറിക്കാറില്ല. അഹമ്മദാബാദില്‍ മുടിവെട്ടിന് കുറഞ്ഞകൂലി 70 രൂപയാണ്.ഇത്രയും പണം കണ്ടെത്താന്‍ കഴിയാത്തവരും ഏറെ. ഈ സാഹചര്യത്തില്‍ കുട്ടികളിലും അവരിലൂടെ കുടുംബത്തിലും ശുചിത്വശീലം വളര്‍ത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്ന് ദേശായി വ്യക്തമാക്കി.

0Shares