കൊച്ചി: വ്യത്യസ്തമായ ഗാനാലപനത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. ആദ്യം നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും വിജയലക്ഷ്മി പിന്മാറിയത് ചര്‍ച്ചയായിരുന്നു. വിവാഹത്തിന് ശേഷം സംഗീതത്തെ മുന്നോട്ട് കൊണ്ട് പോവുന്നതിനെ കുറിച്ച് വിജയലക്ഷ്മി ചില നിബന്ധനകള്‍ വച്ചതോടെയാണ് നവവരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയത്.
വിജയലക്ഷ്മിയുടെ ഈ തീരുമാനത്തെ കേരളക്കര ഒന്നാകെ അഭിനന്ദിച്ചിരുന്നു. ഇപ്പോള്‍ വിജയലക്ഷ്മിയ്ക്ക് വീണ്ടും വിവാഹമാണ്. പാലാ പുലിയന്നൂര്‍ കൊച്ചെഴുകയില്‍ നാരായണന്‍ നായരുടെയും ലൈലാകുമാരിയുടെയും മകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ അനൂപാണ് വരന്‍. കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങായിരുന്നു. ചടങ്ങിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.
വൈക്കത്തെ വീട്ടുമുറ്റത്തൊരുക്കിയ പന്തലില്‍ ലളിതമായ ചടങ്ങുകളിലായിരുന്നു വിവാഹശനിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളെയും സാക്ഷിയാക്കിയിരുന്നു വിജയലക്ഷ്മി അനൂപിന്റെ വിരലില്‍ മോതിരമണിയിച്ചത്. ഏറെ കാലമായി അനൂപിനെ തനിക്ക് അറിയാമെന്ന് വൈക്കം വിജയലക്ഷ്മി അടുത്തിടെ പറഞ്ഞിരുന്നു. ഈയിടെയാണ് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് അനൂപ് തുറന്ന് പറഞ്ഞത്. എന്റെ സംഗീതവും ഹ്യൂമര്‍സെന്‍സും ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞു. ഞാന്‍ അച്ഛനോടും അമ്മയോടും സംസാരിച്ചു. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയാവുന്നതിനാല്‍ കൂടുതലൊന്നും അന്വേഷിക്കേണ്ടി വന്നില്ലായെന്ന് വിജയലക്ഷ്മി പറഞ്ഞു.
വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍ വൈറലാകുന്നു