“വേറൊരു രാഷ്ട്രീയ നേതാവിനെയും വിളിച്ചില്ല. ഞമ്മക്ക് ആയമ്മയെ ഒരു വിശ്വാസമുണ്ട്”; മിനിട്ടുകള്‍ക്കുള്ളില്‍ ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയ ശൈലജ ടീച്ചറുടെ ഇടപെടലിനെക്കുറിച്ച് ജിയാസ് മടശേരി

  • Post category:news
  • Reading time:2 mins read
You are currently viewing “വേറൊരു രാഷ്ട്രീയ നേതാവിനെയും വിളിച്ചില്ല. ഞമ്മക്ക് ആയമ്മയെ ഒരു വിശ്വാസമുണ്ട്”; മിനിട്ടുകള്‍ക്കുള്ളില്‍ ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയ ശൈലജ ടീച്ചറുടെ ഇടപെടലിനെക്കുറിച്ച് ജിയാസ് മടശേരി

പെരിന്തൽമണ്ണ: “വേറൊരു രാഷ്ട്രീയ നേതാവിനെയും വിളിച്ചില്ല. ഞമ്മക്ക് ആയമ്മയെ ഒരു വിശ്വാസമുണ്ട്. അതുകൊണ്ടാണ് അവരെ തന്നെ നേരിട്ട് വിളിച്ചത്,” മന്ത്രിയുടെ അതിവേഗത്തിലുള്ള നടപടികളിൽ തെല്ലും അദ്ഭുതമില്ല ജിയാസ് മടശേരിക്ക്. കാരണം ആരോഗ്യമന്ത്രി വിഷയമറിഞ്ഞാൽ വേഗത്തിൽ ഇടപെടുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. സഹോദരിയുടെ ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് അടിയന്തിര വൈദ്യസഹായം ആവശ്യമാണെന്ന് ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച ജിയാസിന് നിമിഷങ്ങൾക്കുള്ളിലാണ് മറുപടി ലഭിച്ചത്.

ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് ജിയാസ് മടശ്ശേരി എന്ന യുവാവ് സഹായം ചോദിച്ച് കമന്റ് ചെയ്തത്. ഉടനെ മന്ത്രിയുടെ മറുപടിയും വന്നു. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നടപടിയെ കുറിച്ച് അറിഞ്ഞതോടെ ഫേസ്ബുക്കില്‍ നിരവധി പേരാണ് മന്ത്രിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്. “ആദ്യം ഞങ്ങൾ മന്ത്രിയുടെ ഫോണിൽ നേരിട്ട് വിളിച്ചിരുന്നു. എന്നാൽ തിരക്കിലാണെന്നായിരുന്നു മറുപടി. പിന്നീടാണ് ഫേസ്ബുക്കില്‍ കമന്റിട്ടത്. അതിന് പിന്നാലെ തന്നെ മന്ത്രിയുടെ നമ്പറിൽ നിന്നും കോൾ വന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് വിളിച്ചത്. എന്താണ് കാര്യമെന്ന് ചോദിച്ചു. പിന്നീട് മന്ത്രി തന്നെ നേരിട്ട് വിളിച്ചു. ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പറഞ്ഞു.” കഴിഞ്ഞ മണിക്കൂറുകളിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ജിയാസ് വിശദീകരിച്ചു.

“ഒരു 20 തവണയെങ്കിലും മന്ത്രിയുടെ പി.എ ഞങ്ങളെ വിളിച്ചിട്ടുണ്ട്. അതിനിടയിൽ ആശുപത്രി അധികൃതരും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും വിളിച്ചു. കുഞ്ഞിന്‍റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വിശദമായ കാര്യങ്ങൾ അവർ ചോദിച്ചിരുന്നു. ഞങ്ങൾ എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റാനാണ് ആഗ്രഹിച്ചത്. എന്നാൽ അവിടെ ബെഡ് ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചത്. ആരോഗ്യമന്ത്രി ഇടപെട്ട് ലിസി ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ചിലവെല്ലാം സർക്കാർ വഹിക്കുമെന്ന് ഉറപ്പും നൽകി. ആയമ്മയെ ഞങ്ങൾക്ക് വിശ്വാസമാണ്. എന്ത് കാര്യമുണ്ടെങ്കിലും മന്ത്രിയെ നേരിട്ട് വിളിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്,” ജിയാസ് പറഞ്ഞു.

രക്താര്‍ബുദത്തോട് പൊരുതി എസ്എസ്എല്‍സിക്ക് മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിയെ അനുമോദിച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് യുവാവ് സഹായമഭ്യര്‍ത്ഥിച്ചെത്തിയത്. സഹോദരിയുടെ കുഞ്ഞിന്‍റെ ഹൃദയവാല്‍വിന് തകരാര്‍ കണ്ടെത്തിയതുമൂലം വിദഗ്ധ ചികിത്സ ആവശ്യമാണെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലാത്തതിനാല്‍ സഹായിക്കണമെന്നുമായിരുന്നു കമന്റ്.

0Shares