
മലപ്പുറം: വേങ്ങര നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തുടങ്ങി. രാവിലെ ഏഴ് മണി മുതല്‍ തന്നെ എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചു. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭ ഉപതിരഞ്ഞെടുപ്പാണ് വേങ്ങരയിലേത്. ആദ്യ മണിക്കൂറുകളില്‍ 5 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. രാവിലെ ഒന്‍പത് മണിയായപ്പോള്‍ 11 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.നാല് പാര്‍ട്ടി സ്ഥാനാര്‍ഥികളും രണ്ട് സ്വതന്ത്രരും ഉള്‍പ്പെടെ ആറുപേരാണ് മത്സര രംഗത്തുള്ളത്. മുസ്ലീം ലീഗിന്റെ കെഎന്‍എ ഖാദര്‍, സിപിഎമ്മിന്റെ പിപി ബഷീര്‍, ബിജെപിയുടെ കെ ജനചന്ദ്രന്‍ എന്നിവരാണ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.

വിവി പാറ്റ് വോട്ടിങ് മെഷീനുകളാണ് വേങ്ങരയില്‍ ഇത്തവണ വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്. 87,750 പുരുഷന്‍മാരും 82,259 സ്ത്രീകളും ഉള്‍പ്പെടെ 1,70,009 വോട്ടര്‍മാരാണ് വേങ്ങരയില്‍ വിധിയെഴുതുക. വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ് സമയം. തിരഞ്ഞെടുപ്പുകളില്‍ എല്ലാം മുസ്ലീം ലീഗിനൊപ്പം നിന്ന പാരമ്പര്യമാണ് വേങ്ങരയ്ക്ക്. എന്നാല്‍ ആ ചരിത്രം തിരുത്തിക്കുറിക്കുമെന്നാണ് സിപിഎമ്മും ബിജെപിയും പറയുന്നത്. ഒക്ടോബര്‍ 15 ന് ആണ് വോട്ടെണ്ണല്‍.
