വേങ്ങര ഉപതെരഞ്ഞെടുപ്പ്; പി. പി ബഷീര്‍ ഇടതുസ്ഥാനാര്‍ത്ഥി, ബി. ജെ. പിക്ക് വേണ്ടി ശോഭ സുരേന്ദ്രന്‍?

  • Post category:news
  • Reading time:1 min read
You are currently viewing വേങ്ങര ഉപതെരഞ്ഞെടുപ്പ്; പി. പി ബഷീര്‍ ഇടതുസ്ഥാനാര്‍ത്ഥി, ബി. ജെ. പിക്ക് വേണ്ടി ശോഭ സുരേന്ദ്രന്‍?

വേങ്ങര: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ സി. പി. ഐ. എം ഏരിയാ സെക്രട്ടറി പി. പി ബഷീര്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയാകും എന്ന് ഏകദേശ ധാരണ. സര്‍വസമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് പി. പി ബഷീറിന് നറുക്ക് വീണത്. മറുവശത്ത്, സംസ്ഥാന നേതാക്കളെ തന്നെ പോരിനിറക്കി ശക്തി തെളിയിക്കാന്‍ ബി. ജെ. പി തീരുമാനിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തിന് ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെ തന്നെ മത്സര രംഗത്തിറക്കാനാണ് ബി. ജെ. പിയില്‍ ഏകദേശ ധാരണയായിരിക്കുന്നത്. പ്രമുഖ നേതാവ് എ. എന്‍. രാധാകൃഷ്ണനെയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് പ്രകാശ് ബാബുവിനെയും മത്സര രംഗത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്.

ഇടതുമുന്നണിക്ക് വേണ്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി. കെ കുഞ്ഞാലിക്കുട്ടിക്കെതിരേ മത്സരിച്ചത് പി. പി ബഷീറായിരുന്നു. ഇദ്ദേഹം മണ്ഡലത്തിലെ സജീവ സാന്നിധ്യമാണ് എന്നത് ഇടത് മുന്നണിക്ക്‌ ജയപ്രതീക്ഷ പകരുന്നു. ബി.ജെ.പിയെ സംബന്ധിച്ച്, മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രാദേശിക നേതാക്കളെ സ്ഥാനാര്‍ഥിയാക്കണമെന്ന ജില്ലാ ഘടകത്തിന്‍റെ നിര്‍ദ്ദേശം കോര്‍ കമ്മിറ്റി പൂര്‍ണമായും തള്ളിക്കളഞ്ഞു. കനത്ത രാഷ്ട്രീയ പോരാട്ടം കാഴ്ചവച്ച്‌ ബി. ജെ. പി കരുത്ത് തെളിയിക്കണമെന്നാണ് യോഗത്തില്‍ പൊതുവായി അഭിപ്രായം ഉയര്‍ന്നത് ശോഭ സുരേന്ദ്രനെ രംഗത്തിറക്കാന്‍ ഏകദേശ ധാരണയായെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.

0Shares