
മലപ്പുറം: ലീഗിന്‍റെ തട്ടകമായ വേങ്ങരയിൽ ഇന്ന് കൊട്ടിക്കലാശം. മറ്റന്നാൾ പോളിംഗ് നടക്കുമ്പോള്‍ മികച്ച വിജയത്തിൽ കുറഞ്ഞതൊന്നും ലീഗ് പ്രതീക്ഷിക്കുന്നില്ല.സമകാലീന രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ അട്ടിമറി എൽ.ഡി.എഫ് സ്വപ്നം കാണുന്നു.മികച്ച പ്രകടനം കാഴ്ച വയ്ക്കാനാണ് എൻ.ഡി.എയുടെ ശ്രമം. അവകാശവാദമൊന്നുമില്ലാതെയാണ് ബി.ജെ.പിയുടെ പ്രചാരണം. കുമ്മനത്തിന്‍റെ ജനരക്ഷായാത്ര നടക്കുന്നതിനാൽ പ്രധാന നേതാക്കൾ പ്രചാരണ രംഗത്തുണ്ടായില്ല.

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമൊക്കെ എൽ.ഡി.എഫിനു വേണ്ടി അണിനിരന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയ്ക്ക് 72,181 വോട്ടാണ് ലഭിച്ചത്.എതിർ സ്ഥാനാർത്ഥി പി.പി ബഷീറിന് ലഭിച്ചത് 32,124 വോട്ട്.ഭൂരിപക്ഷം 38,237.2011ലെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം മറി കടക്കാനാണ് ലീഗ് ശ്രമം.എന്നാൽ പാളയത്തിൽ പടയും വിമതനുമാണ് ലീഗിന് തലവേദന.
