
ലണ്ടന്‍: വേഗതയുടെ രാജാവ് ഉസൈന്‍ ബേള്‍ട്ട് ട്രാക്കില്‍ നിന്ന് വിട പറഞ്ഞു. ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനക്കാരനായിട്ടാണ് ഉസൈന്‍ ബോള്‍ട്ട് ഓട്ടം നിര്‍ത്തിയത്. അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനാണ് സ്വര്‍ണം. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ രണ്ടാമതെത്തി. മൊണാക്കോയില്‍ നടന്ന ഡയമണ്ട് ലീഗിന്റെ 100 മീറ്ററില്‍ സ്വര്‍ണം നേടിയാണ് ഉസൈന്‍ ബോള്‍ട്ട് ലണ്ടനിലേക്ക് വണ്ടി കയറിയത്. എന്നാല്‍ ലോക ചാന്പ്യന്‍ഷിപ്പിന്റെ ഹീറ്റ്‌സിലും സെമിയിലും അത്ര ശോഭനമായിരുന്നില്ല ബോള്‍ട്ടിന്റെ ഓട്ടം. ഫൈനലില്‍ 9.95 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്യാനേ ബോള്‍ട്ടിന് കഴിഞ്ഞുള്ളൂ.മികച്ച തുടക്കം കിട്ടാത്തതാണ് ഉസൈന്‍ ബോള്‍ട്ടിന് വിനയായത്. എന്നാല്‍ ജസ്റ്റിന്‍ ഗാറ്റ്‌ലിന് ആ പിഴവ് സംഭവിച്ചില്ല. 9.92 സെക്കന്‍ഡിലാണ് ഗാറ്റ്‌ലിന്‍ 100 മീറ്റര്‍ പിന്നിട്ടത്. രണ്ട് തവണ മരുന്നടിച്ച് പുറത്താകേണ്ടി വന്ന 35കാരനായ ഗാറ്റ്‌ലിന്‍ ബോള്‍ട്ടിന്റെ അവസാന ഷോയിലെ നായകനായി. സംഭവബഹുലമായ ഒരു കരിയറിന്റെ വേദനിപ്പിക്കുന്ന അന്ത്യം. ഇതാണ് ലണ്ടനില്‍ കണ്ടത്.

അവസാന വ്യക്തിഗത മത്സരത്തില്‍ സ്വര്‍ണം നേടാന്‍ പറ്റാത്തതില്‍ ബോള്‍ട്ടിന് ദുഖമുണ്ട്. ബോള്‍ട്ടിന് മാത്രമല്ല, മൂന്നാമനായി മാത്രം ബോള്‍ട്ട് ഓട്ടം അവസാനിപ്പിക്കുമ്പോള്‍ ആരാധകര്‍ക്കുമുണ്ട് കണ്ണീര്‍. ബോള്‍ട്ടിന്റെ കരിയറിലെ ഇരുപതാം 100 മീറ്റര്‍ സ്വര്‍ണമാണ് ലണ്ടനില്‍ കൈവിട്ടത്. മൊണാക്കോയില്‍ നടന്ന ഡയമണ്ട് ലീഗിന്റെ 100 മീറ്ററില്‍ ബോള്‍ട്ട് സ്വര്‍ണം നേടിയത് 9.95 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ്. അന്ന് പക്ഷേ കൂടെയോടിയ അമേരിക്കയുടെ ഇസിയ യങ് 9.98 സെക്കന്‍ഡെടുത്തു ഫിനിഷ് ചെയ്യാന്‍. ലണ്ടന്‍ ലോക ചാംപ്യന്‍ഷിപ്പോടെ വിരമിക്കുമെന്ന് ബോള്‍ട്ട് നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. ഇനി റിലേയില്‍ ജമൈക്കയ്ക്ക് വേണ്ടി ഒരു ഓട്ടം കൂടി ബോള്‍ട്ട് ഓടും. ബോള്‍ട്ടിന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ലോക ചാംപ്യന്‍ഷിപ്പെന്നാണ് വിലയിരുത്തപ്പെട്ടത്. അത് അക്ഷരം പ്രതി ശരിയായി. 2016ലെ റിയോ ഒളിംപിക്സില്‍ ഇരട്ട സ്വര്‍ണം നേടിയ ശേഷം ഉസൈന്‍ ബോള്‍ട്ടിന് കിട്ടിയ ഉജ്ജ്വല ജയമായിരുന്നു മോണോക്കോയിലേത്. എന്നാല്‍ അത് ലോക ചാമ്പ്യന്‍ഷിപ്പില്‍ ആവര്‍ത്തിക്കാന്‍ ബോള്‍ട്ടിന് സാധിച്ചില്ല.