
പൊന്നാനി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ തോറ്റാല്‍ താൻ ഇപ്പോഴുള്ള എം.എല്‍.എ സ്ഥാനവും രാജിവെക്കും എന്ന് പൊന്നാനി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എം.എല്‍.എയുമായ പി. വി അന്‍വര്‍. ഇത് വെറുതെ ഒരു ആവേശത്തിന് പറയുന്നതല്ലെന്നും തവനൂര്‍ മണ്ഡലത്തില്‍ വ്യാഴാഴ്ച രാവിലെ മന്ത്രി കെ. ടി ജലീലിനൊപ്പം നടത്തിയ റോഡ് ഷോയ്ക്കിടയില്‍ അന്‍വര്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി നിലമ്പൂര്‍ എം.എല്‍.എയായി പ്രവര്‍ത്തിക്കുന്ന തനിക്ക് വോട്ടര്‍മാര്‍ക്ക് മുന്നില്‍ ചൂണ്ടിക്കാട്ടാന്‍ നിലമ്പൂരിലെ വികസനമുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തിലെ ജനങ്ങളോട് ഹൃദയം കൊണ്ടാണ് താന്‍ വോട്ട് ചോദിക്കുന്നതെന്നും എന്നിട്ടും വോട്ടര്‍മാര്‍ക്ക് തന്നെ വേണ്ടെങ്കില്‍ ഈ പണി അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജിവെച്ചാൽ കുട്ടികളെയും കുടുംബത്തെയും കച്ചവടവുമെല്ലാം നോക്കി ബാക്കി കാലം ജീവിക്കാമല്ലോയെന്നും അന്‍വര്‍ പറഞ്ഞു. പൊന്നാനിയില്‍ പരാജയപ്പെട്ടാൽ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അന്‍വര്‍ നേരത്തെയും വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് വീണ്ടും ചോദിച്ചപ്പോഴാണ് രാജിവയ്ക്കുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞത്.
