
കാശ്മീര്‍ പ്രശ്നത്തില്‍ ജവഹര്‍ലാല്‍ നെഹ്റുവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കത്തിക്കയറിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ചരിത്രം പഠിപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. നെഹ്റുവിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി ലോക്സഭയിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച പ്രതിപക്ഷം സംഘ്പരിവാറിന്റെ സമുന്നത നേതാവും ജനസംഘം സ്ഥാപകനുമായ ശ്യാമപ്രസാദ് മുഖർജിക്കെതിരെ വിമർശനമുന്നയിക്കുകയും ചെയ്തു. ഇതേ തുടർന്ന് നെഹ്റുവിന്റെ ഉദ്ദേശ്യശുദ്ധിയെയല്ല സമീപനമാണ് താൻ ചോദ്യം ചെയ്തതെന്നു പറഞ്ഞ് നെഹ്റുവിനെതിരെ നടത്തിയ വിമർശനം അമിത് ഷാ മയപ്പെടുത്തി.
കാശ്മീരിൽ ഹിതപരിശോധനയുടെ ചോദ്യം ഉത്ഭവിക്കുന്നേയില്ലെന്ന് ചർച്ചക്ക് മറുപടി പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. എന്തിനാണ് പ്രഥമ പ്രധാനമന്ത്രി നെഹ്റു ഹിതപരിശോധനക്ക് സമ്മതിച്ചതെന്ന് ചോദിച്ച അമിത് ഷാ ഐക്യരാഷ്ട്രസഭയിൽ പോയതിനെയും വിമർശിച്ചു. ജമ്മു-കശ്മീരിൽ മനുഷ്യത്വവും ജനാധിപത്യവും കശ്മീരിത്വവും തിരികെകൊണ്ടുവരുമെന്ന വാജ്പേയിയുടെ വാഗ്ദാനം മോദി സർക്കാർ നടപ്പാക്കുമെന്ന് അമിത് ഷാ പറഞ്ഞു.
എന്നാൽ, താഴ്വരയിൽനിന്ന് പുറന്തള്ളിയ പണ്ഡിറ്റുകൾ കൂടിയടങ്ങുന്നതാണ് കശ്മീരിത്വം എന്ന വ്യാഖ്യാനവും ഷാ നൽകി. ഇതോടെയാണ് ഗുലാംനബി ആസാദും ആം ആദ്മി നേതാവ് സഞ്ജയ് സിംഗും അടക്കമുള്ളവര്‍ അമിത് ഷായെ ചരിത്രം പഠിപ്പിച്ചത്. രാവിലെ ഏഴുന്നേറ്റുവന്ന് നെഹ്റുവിനെ ചീത്തവിളിക്കുന്നവർ ചരിത്രം വായിച്ച് വരണമെന്ന് ജമ്മു-കാശ്മീരിൽ നിന്ന് തന്നെയുള്ള പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. വീട്ടിലെ കമ്പ്യൂട്ടറിലുണ്ടാക്കിയ ചരിത്രമല്ല, യഥാർഥ ചരിത്രമാണ് പഠിക്കേണ്ടതെന്നും ഭരണപക്ഷത്തെ അദ്ദേഹം ഉപദേശിച്ചു.ജമ്മു, രജൗരി, പൂഞ്ച്, ഉറി, ബാരാമുല്ല, കാർഗിൽ എന്നിവിടങ്ങളെല്ലാം യാത്ര വിമാനങ്ങളിൽ പോലും സൈന്യത്തെ അയച്ചാണ് നെഹ്റു ഇന്ത്യയുടെ ഭാഗമാക്കിയതെന്ന് ഗുലാം നബി ഓർമിപ്പിച്ചു.

ബാരാമുല്ലക്കപ്പുറം എന്തുകൊണ്ട് നെഹ്റു പോയില്ല എന്നു ചോദിക്കുന്നവർ മാസങ്ങൾ നീണ്ട പോരാട്ടങ്ങളെ കുറിച്ച് അറിയാത്തവരാണ്. അന്ന് നെഹ്റു ഇന്ത്യൻ സൈന്യത്തെ അയച്ചില്ലായിരുന്നുവെങ്കിൽ രജൗരി, പൂഞ്ച് മേഖലകളിലെ 40,000 മനുഷ്യരുടെ ശവം പോലും ലഭിക്കില്ലായിരുന്നുവെന്നും ഗുലാം നബി പറഞ്ഞു. ജമ്മു-കാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പിന് ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖർജി അംഗീകാരം നൽകിയതും മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കി അദ്ദേഹം ബംഗാളിൽ ഉപമുഖ്യമന്ത്രിയായതും എന്തുകൊണ്ടാണ് ബി.ജെ.പി മിണ്ടാത്തതെന്നും ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് ചോദിച്ചു. 70 വർഷം കോൺഗ്രസ് ഭരിച്ചിട്ട് നെഹ്റു വാഗ്ദാനം ചെയ്ത ഹിതപരിശോധന നടത്താത്തതിൽ തങ്ങളുടെ തെറ്റ് എന്താണ് എന്ന് പി.ഡി.പി എം.പി മുഹമ്മദ് ഫയാസ് ചോദിച്ചു.
മധ്യസ്ഥരും പാർലമന്ററി സമിതികളും സമർപ്പിച്ച റിപ്പോർട്ടുകളെവിടെയാണ്? 70 വർഷമായി സർക്കാർ കാണിക്കുന്ന കള്ളവും തമാശയും അക്രമവും കൊണ്ടാണ് ഞങ്ങളുടെ ചെറുപ്പക്കാർ ആയുധമെടുത്തതെന്നും ഫയാസ് പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിൽ നിന്നും കണ്ടെത്തി പുറന്തള്ളുമെന്നും ആ നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുകയാണെന്നും അമിത് ഷാ വ്യക്തമാക്കി. പൗരത്വ പട്ടികയിൽ നിന്ന് പുറത്താകുന്ന ഹിന്ദുക്കൾക്ക് പൗരത്വം നൽകാനാണ് പൗരത്വ ബിൽ കൊണ്ടുവരുന്നതെന്നും ഷാ കൂട്ടിച്ചേർത്തു.
ജമ്മു-കാശ്മീരിൽ ജൂലൈ രണ്ടു മുതൽ ആറു മാസത്തേക്കു കൂടി രാഷ്ട്രപതി ഭരണം നീട്ടുന്നതിനും അന്താരാഷ്ട്ര അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്ക് പ്രത്യേക സംവരണത്തിനുള്ള നിയമഭേദഗതിക്കും രാജ്യസഭ അംഗീകാരം നൽകി. ഇടതുപക്ഷത്തിന്റെ എതിർപ്പ് തള്ളിയാണ് കോൺഗ്രസ് അടക്കമുള്ള ഭൂരിഭാഗം പ്രതിപക്ഷ പാർട്ടികളുടെയും പിന്തുണയോടെ പ്രമേയവും ബില്ലും രാജ്യസഭ പാസാക്കിയത്. ഇതോടെ ഇവ രണ്ടിനും പാർലമെന്റിന്റെ അംഗീകാരമായി.
