സൗദി: ലോക ഫുട്ബോള്‍ ആരാധകര്‍ക്ക് ഹരം പരകരാന്‍ വീണ്ടുമൊരു അര്‍ജന്റീന ബ്രസീല്‍ പോര്. അടുത്ത മാസത്തെ ഇന്റര്‍നാഷണല്‍ ബ്രേക്കിന്റെ സമയത്താകും ചിരവൈരികളായ ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടുക. ഇത്തവണ സൗദി അറേബ്യയില്‍ വച്ചാണ് മത്സരം നടക്കുക. ഒക്ടോബര്‍ 16നാണ് ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടുക. അവസാനമായി ഓസ്ട്രേലിയയില്‍ വെച്ച് നടന്ന സൗഹൃദ മത്സരത്തിലായിരുന്നു ഇരു ടീമുകളും ഏറ്റുമുട്ടിയത്. അന്ന് അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു.
സൗദിയിലെ ജിദ്ദയില്‍ വെച്ചാണ് മത്സരം നടക്കുക. മലയാളികള്‍ ഏറെയുള്ള നാടാണ് ജിദ്ദ. പ്രവാസി മലയാളികള്‍ക്ക് അവരുടെ ഇഷ്ട രാജ്യങ്ങളെയും താരങ്ങളെയും കാണാനുള്ള ഒരു സുവര്‍ണാവസരം കൂടിയാകും ഇത്. ബ്രസീല്‍ സൗദി അറേബ്യയുമായും അടുത്ത മാസം കളിക്കും. ഒക്ടോബര്‍ 12 നാണ് സൗദി അറേബ്യയും ബ്രസീലും തമ്മിലുള്ള പോര്.
